ബിഹാർ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്, ജനവധി തേടി തേജസ്വി അടക്കമുള്ള പ്രമുഖർ

ബിഹാറിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. ബിഹാറിന്റെ രാഷ്ട്രീയഗതി നിശ്ചയിക്കുന്നതിൽ നിർണായകമായ സീമാഞ്ചൽ അടക്കമുള്ള മേഖലകളിലാണ് ഇന്ന് വിധിയെഴുത്ത്. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാർ തുടങ്ങിയവർ ജനവിധി തേടുന്നുണ്ട്.

രാഷ്ട്രീയവും ജാതി സമവാക്യങ്ങളും ശക്തമായ മേഖലകളാണ് രണ്ടാം ഘട്ടത്തിൽ ജനഹിതം രേഖപ്പെടുത്തുന്നത്. അതീവ പിന്നോക്ക പ്രദേശങ്ങളിലാണ് മണ്ഡലങ്ങളിലേറെയും. ന്യൂനപക്ഷം, പിന്നോക്കം, അതി പിന്നോക്കം, ദളിത്, മഹാദളിത് വിഭാഗങ്ങളിൽപ്പെട്ട വോട്ടർമാർ ഏറെയുള്ള സീമാഞ്ചൽ പ്രദേശം മുന്നണികൾക്കെല്ലാം വെല്ലുവിളിയാണ്. പരമ്പരാഗതമായി ആർ.ജെ.ഡി.ക്കാണ് മേഖല പിന്തുണ നൽകാറുള്ളത്. എന്നാൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പമാണ് നിലയുറപ്പിച്ചത്.

എ.ഐ.എം.ഐ.എം. നേതാവ് അസസുദ്ദീൻ ഒവൈസിയും ആർ.എൽ.എസ്.പി. നേതാവ് ഉപേന്ദ്ര കുശ്‌വാഹയും നേതൃത്വം നൽകുന്ന മുന്നണി ആർ.ജെ.ഡി.യുടെ ഈ വോട്ട് ബാങ്കിൽ കടന്നുകയറി സ്വാധീനം വർദ്ധിപ്പിച്ചത് തേജസ്വിക്ക് കടമ്പയാണ്. നിതീഷ് കുമാറിന്റെ മദ്യനിരോധന നയം, സ്ത്രീശാക്തീകരണം തുടങ്ങിയ പദ്ധതികൾ ഏറ്റവും കൂടുതൽ ചർച്ചയായ മണ്ഡലങ്ങൾ കൂടിയാണിത്.

2015-ൽ ജെ.ഡി.യു.-ആർ.ജെ.ഡി. സംയുക്ത മുന്നണിയായ മഹാസഖ്യത്തിനായിരുന്നു മുൻതൂക്കം. ആർ.ജെ.ഡി. 33 സീറ്റും ജെ.ഡി.യു. 30 സീറ്റും നേടി. ബി.ജെ.പി. 20 സീറ്റിലും കോൺഗ്രസ് 7 സീറ്റിലും എൽ.ജെ.പി. രണ്ട് സീറ്റിലും സി.പി.ഐ.എൽ. ഒരു സീറ്റിലും വിജയിച്ചു. ഇക്കുറി ആർ.ജെ.ഡി. 56 സീറ്റിലും ബി.ജെ.പി. 46 സീറ്റിലും ജെ.ഡി.യു. 43 സീറ്റിലുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് 24 സീറ്റിലും ഇടതുപാർട്ടികൾ (14), എൽ.ജെ.പി. (52), ആർ.എൽ.എസ്.പി. (36) എന്നിങ്ങനെയും മത്സരിക്കുന്നു.