ഡല്‍ഹിയില്‍ സ്‌കൂള്‍ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോയി

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോയി. രാവിലെ എട്ടു മണിക്ക് ഡല്‍ഹിയിലെ ഷഹ്ദരയിലാണ് സംഭവം നടന്നത്. ഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രണ്ടംഗ സംഘം കുട്ടിയെ തട്ടികൊണ്ടു പോകുകയായിരുന്നു. ബസ് തടഞ്ഞു നിര്‍ത്തിയ ശേഷം കുട്ടിയെ തട്ടികൊണ്ടു പോകുന്നതിനു ആക്രമി സംഘം ശ്രമിച്ചത് പ്രതിരോധിച്ചതു കൊണ്ടാണ് ഡ്രൈവറെ കൊലപ്പെടുത്തിയത്.

ആക്രമി സംഘത്തിലെ അംഗങ്ങള്‍ ഇരുവരും ബൈക്കിലാണ് എത്തിയത്. യുപി ഭാഗത്തേക്കുള്ള റോഡില്‍ കറുത്ത നിറമുള്ള ബൈക്കിലാണ് സംഘം രക്ഷപ്പെട്ടതെന്നു പൊലീസിനു വിവരം ലഭിച്ചു. ഷഹ്ദരയ്ക്ക് സമീപമുള്ള സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് സംഘം തട്ടികൊണ്ടു പോയത്.

Read more

ഇതു വരെ ആക്രമി സംഘം കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ ബന്ധപ്പെട്ടില്ല. ഇതു പൊലീസില്‍ സംശയം ജനിപ്പിക്കുന്നുണ്ട്. സംഭവത്തിനു പിന്നില്‍ ബന്ധുക്കളോ പരിചയക്കാരോ ആകാമെന്നു പൊലീസ് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.