'വിളവെടുപ്പ് കഴിയുന്നത് വരെ സമയം നൽകണം'; കീഴടങ്ങാൻ സമയം നീട്ടി ചോദിച്ച് ബിൽക്കിസ് ബാനു കേസിലെ പ്രതികൾ

ജയിലിൽ മടങ്ങി എത്താൻ സമയം നീട്ടി ചോദിച്ചുള്ള ഹർജിയുമായി ബിൽക്കിസ് ബാനു കേസിലെ പ്രതികൾ സുപ്രീംകോടതിയിൽ. ജയിൽ മോചിതരായവർ 22 നകം കീഴടങ്ങണമെന്ന വിധി നിലനിൽക്കെ മൂന്ന് പ്രതികളാണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ഹർജി കോടതി നാളെ പരിഗണിക്കും.

ഗോവിന്ദഭൈ നയി, രമേശ് രൂപഭായ് ചന്ദന, മിതേഷ്‌ ചിമൻലാൽ എന്നീ പ്രതികളാണ് കീഴടങ്ങാൻ സമയം നീട്ടിച്ചോദിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഗോവിന്ദഭൈ നയി ചോദിച്ചിരിക്കുന്നത് നാല് ആഴ്ചത്തെ സമയമാണ്. മറ്റ് രണ്ടുപേരും ആറ് ആഴ്ചകളെങ്കിലും സാമ്യം നീട്ടി നല്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

തിമിര ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വിശ്രമം വേണമെന്ന് ആണ് ഒരു അപേക്ഷയിലുള്ളത്. വയോധികരായ മാതാപിതാക്കളെ പരിചരിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടാണ് മറ്റൊരു പ്രതിയുടെ അപേക്ഷ. വിളവെടുപ്പ് കാലമായതിനാൽ ഇതിന് ശേഷം കീഴടങ്ങാൻ അനുവദിക്കണമെന്നാണ് മൂന്നാമത്തെ പ്രതിയുടെ ഹർജി.

ജസ്റ്റിസ് ചിദംബരേശ്വനാണ് മൂന്ന് പ്രതികളുടെയും ഹരജി മെൻഷൻ ചെയ്തത്. ഞായറാഴ്ചയാണ് പ്രതികളോട് കീഴടങ്ങാൻ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ നാളെ തന്നെ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹർജി പരിഗണിക്കാനാണ് സാധ്യത. ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതികളുടെ ശിക്ഷയിളവ് റദ്ദാക്കിക്കൊണ്ട് ജനുവരി 8 നാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.