ബിൽക്കിസ് ബാനു കേസ്; സമയം നീട്ടിനൽകണമെന്ന പ്രതികളുടെ ഹർജി തള്ളി സുപ്രീംകോടതി, ഉടൻ കീഴടങ്ങാൻ നിർദേശം

കീഴടങ്ങാൻ സമയം നീട്ടി നൽകണമെന്ന ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ഹർജി തള്ളി സുപ്രീംകോടതി. പ്രതികൾ ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി കർശന നിർദേശം നൽകി. ഞായറാഴ്ച തന്നെ കീഴടങ്ങാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സമയം നീട്ടി കിട്ടാൻ പ്രതികൾ ഉന്നയിച്ച ആവശ്യങ്ങൾ കഴമ്പില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു.

അഞ്ച് മിനിറ്റ് കൊണ്ടാണ് പ്രതികളുടെ ഹർജി തീർപ്പാക്കിയത്. ജയിൽ മോചിതരായവർ 22നകം കീഴടങ്ങണമെന്ന വിധി നിലനിൽക്കെ മൂന്ന് പ്രതികളാണ് സുപ്രീംകോടതിയിൽ സമയം നീട്ടി നൽകാൻ അപേക്ഷ നൽകിയത്. പ്രതികളുടെ മോചനം റദ്ദാക്കിയ വിധി പറഞ്ഞ ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഇന്നലെ ഹർജികൾ സുപ്രീംകോടതിയിൽ പരാമർശിച്ചിരുന്നു.

ഗോവിന്ദഭൈ നയി, രമേശ് രൂപഭായ് ചന്ദന, മിതേഷ്‌ ചിമൻലാൽ എന്നീ പ്രതികളാണ് കീഴടങ്ങാൻ സമയം നീട്ടിച്ചോദിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. തിമിര ശസ്ത്രക്രിയ കഴിഞ്ഞതിനാൽ വിശ്രമം വേണമെന്ന് ആയിരുന്നു ഒരു പ്രതിയുടെ അപേക്ഷ. വയോധികരായ മാതാപിതാക്കളെ പരിചരിക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ടായിരുന്നു മറ്റൊരു പ്രതിയുടെ അപേക്ഷ. വിളവെടുപ്പ് കാലമായതിനാൽ അതിന് ശേഷം കീഴടങ്ങാൻ അനുവദിക്കണമെന്നായിരുന്നു മൂന്നാമത്തെ പ്രതിയുടെ ഹർജി.