പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ പഞ്ചായത്ത് ഓഫീസില്‍ നിന്ന് നീക്കിയതില്‍ തര്‍ക്കം, ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പഞ്ചായത്ത് ഓഫീസില്‍ നിന്ന് നീക്കം ചെയ്തിനെ ചൊല്ലി തര്‍ക്കം. കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളല്ലൂര്‍ ടൗണ്‍ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. വാര്‍ഡ് അംഗമാണ് ഫോട്ടോ നീക്കം ചെയ്തത്. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ 63 പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാവിനെ പതിനൊന്നരയോടെയായിരുന്നു സംഭവം. അടുത്തിടെയാണ് ബിജെപി അംഗങ്ങള്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ മുറിയില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രം തൂക്കിയത്. വെള്ളല്ലൂര്‍ ബിജെപി മണ്ഡലം പ്രസിഡന്റ് വരദരാജന്റെ നേതൃത്വത്തില്‍ മുപ്പതോളം പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഫോട്ടോ വച്ചത്. പിന്നീട് വാര്‍ഡ് അംഗം കനകരാജ് ഈ ഛായാചിത്രം നീക്കം ചെയ്തു. ഫോട്ടോ നീക്കം ചെയ്യുന്നതിന്‍രെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. പൊലീസ് എത്തി പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി. കനകരാജിനെതിരെ പ്രദേശത്തെ ബിജെപി അംഗങ്ങള്‍ പോത്തനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയതതിന് കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് കനകരാജ് വിജയിച്ചത്. ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) അദ്ദേഹത്തെ പിന്തുണച്ചിരുന്നു.