ഓണ്‍ലൈന്‍ മാധ്യമമായ ‘ന്യൂസ്‌ക്ലിക്കി’നെതിരെ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. അമേരിക്കന്‍ ദിനപത്രമായ ‘ന്യൂയോര്‍ക്ക് ടൈംസ്’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തും. ചൈനയില്‍നിന്ന് പണം പറ്റുന്ന യുഎസ് വ്യവസായിയില്‍നിന്ന് ന്യൂസ്‌ക്ലിക്കടക്കം പല മാധ്യമങ്ങള്‍ക്കും ഫണ്ട് ലഭിക്കുന്നുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം ‘ന്യൂസ്‌ക്ലിക്ക്’ പ്രസിദ്ധീകരിച്ചത്.
അന്തര്‍ദേശീയതലത്തില്‍ ചൈനക്ക് പ്രാമുഖ്യം ലഭിക്കുന്നതിനായി ഈ മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഐടി കണ്‍സള്‍ട്ടിങ് സ്ഥാപനമായ ‘തോട്ട്വര്‍ക്ക്സി’ന്റെ സ്ഥാപകനും ചെയര്‍മാനുമായ ശ്രീലങ്കന്‍ വംശജന്‍ നെവില്ലെ റൊയ് സിങ്കത്തെയാണ് ചൈനീസ് ഏജന്റായി മാധ്യമം ആരോപിച്ചത്.
ചൈനീസ് പണം പറ്റി ന്യൂസ്‌ക്ലിക്ക് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും സഹായിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ ആരോപിച്ചു. ഇന്നലെ ഇതേ ആരോപണം ലോക്സഭയില്‍ ബിജെപി എംപി നിഷികാന്ത് ദൂബെയും ഉന്നയിച്ചു. ദൂബെയുടെ അടിസ്ഥാനരഹിതമായ ആരോപണം രേഖകളില്‍നിന്ന് നീക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭാ നേതാവ് അധിര്‍രഞ്ജന്‍ ചൗധരി സ്പീക്കര്‍ക്ക് കത്തുനല്‍കിയിട്ടുണ്ട്.
സിങ്കത്തിന്റെ ഒരു സ്ഥാപനത്തില്‍നിന്ന് 2018ല്‍ നേരിട്ടുള്ള വിദേശനിക്ഷേപമായി (എഫ്ഡിഐ) 9.59 കോടി രൂപ ന്യൂസ്‌ക്ലിക്കിന് ലഭിച്ചിരുന്നു. സിങ്കവുമായി ബന്ധമുള്ള വിവിധ എന്‍ജിഒകളില്‍ നിന്നായി 2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ 28.29 കോടി രൂപ സേവനങ്ങള്‍ക്ക് പ്രതിഫലമായും ലഭിച്ചിട്ടുണ്ട്.
Read more
2021ല്‍ ‘ന്യൂസ്‌ക്ലിക്കി’ന്റെ ഓഫീസുകളിലും എഡിറ്റര്‍മാരുടെയും ഉടമയുടെയും വീടുകളിലും എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയിഡ് നടത്തിയിരുന്നു. റെയിഡില്‍ നിരവധി രേഖകളും പിടിച്ചെടുത്തു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ ന്യുയോര്‍ക്ക് ടൈംസ് നടത്തിയിരിക്കുന്നത്.