ഇന്ത്യ ഗേറ്റിന്റെയും പേര് മാറ്റാനൊരുങ്ങി ബിജെപി; ഭാരത് മാതാ ഗേറ്റ് എന്ന് പുനഃര്‍നാമകരണം ചെയ്യാന്‍ ആവശ്യപ്പെട്ട് കത്ത്

ഇന്ത്യ ഗേറ്റിന്റെയും പേര് മാറ്റാനൊരുങ്ങി ബിജെപി. ഇതുസംബന്ധിച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖിയാണ് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്. ഭാരത് മാത ദ്വാര്‍ എന്ന് ഇന്ത്യ ഗേറ്റിന് പുനഃര്‍നാമകരണം ചെയ്യണമെന്നാണ് ജമാല്‍ സിദ്ദിഖിയുടെ ആവശ്യം. പ്രധാനമന്ത്രി ഉടന്‍ തന്നെ ഈ ആവശ്യം നിറവേറ്റുമെന്നും ജമാല്‍ സിദ്ദിഖി പറഞ്ഞു.

ഇന്ത്യന്‍ സാംസ്‌കാരിക മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നതരത്തില്‍ കൊളോണിയല്‍ ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ ഇല്ലാതാക്കുകയും വിവിധ സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ പുനര്‍നാമകരണം ചെയ്യുകയും വേണമെന്ന് ജമാല്‍ സിദ്ദിഖി കത്തിലൂടെ ആവശ്യപ്പെടുന്നു. ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ ഐഡന്റിറ്റിയുടെ അടയാളമാണ് ഇന്ത്യ ഗേറ്റ് എന്നും സിദ്ദിഖി പറയുന്നു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ക്രൂരനായിരുന്നെന്നും അതിനാല്‍ ആ പേരിലുള്ള റോഡ് എപിജെ അബ്ദുള്‍ കലാം റോഡ് എന്ന് പുനഃര്‍നാമകരണം ചെയ്തു. ഇന്ത്യാഗേറ്റില്‍ നിന്ന് ജോര്‍ജ് അഞ്ചാമന്റെ പ്രതിമ മാറ്റി പകരം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സ്ഥാപിച്ചു. ഇത്തരത്തില്‍ ഇന്ത്യ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്ന് പുനഃര്‍നാമകരണം ചെയ്യണമെന്നാണ് ജമാല്‍ സിദ്ദിഖി കത്തിലൂടെ ആവശ്യപ്പെടുന്നത്.