രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി; പൗരത്വം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കാന്‍ ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം നല്‍കിയിട്ടും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഹൈക്കോടതിയെ സമീപിച്ചത്.

2019ല്‍ ആയിരുന്നു സുബ്രഹ്‌മണ്യന്‍ സ്വാമി രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. 2003ല്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്ത ബാക്ഓപ്‌സ് എന്ന കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ് രാഹുല്‍ഗാന്ധി. കമ്പനിയുടെ വാര്‍ഷിക റിട്ടേണ്‍സില്‍ രാഹുല്‍ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നു. ഇതില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടും മറുപടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

Read more

സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ നിവേദനത്തിന് പിന്നാലെ 2019 ഏപ്രില്‍ 29ന് ആഭ്യന്തര മന്ത്രാലയം രാഹുല്‍ ഗാന്ധിയോട് മറുപടി ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ച് വര്‍ഷം പിന്നിട്ടിട്ടും രാഹുല്‍ ഗാന്ധി മറുപടി നല്‍കിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.