ഡൽഹി തിരഞ്ഞെടുപ്പിനുള്ള എഴുപത് സ്ഥാനാർത്ഥികളിൽ 57 പേരുടെ പട്ടിക ബി.ജെ.പി പുറത്തുവിട്ടു

ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 57 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികളിൽ 11 പേർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ്, നാലുപേർ സ്ത്രീകളാണ്. ബിജെപി നേതാവ് മനോജ് തിവാരി ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് പേരുകൾ പ്രഖ്യാപിച്ചത്.

രോഹിണിയിൽ നിന്നും വിജേന്ദർ ഗുപ്ത; മോഡൽ ടൗണിൽ നിന്നും മുൻ ആം ആദ്മി എം‌എൽ‌എ കപിൽ മിശ്ര; ഗ്രേറ്റർ കൈലാസിൽ നിന്നും ശിഖ റായ്; നരേലയിൽ നിന്നും നീൽക്കമൽ ഖത്രി; തിമർപൂരിൽ നിന്നും സുരേന്ദ്ര സിംഗ് ബിട്ടു; തുഗ്ലകാബാദിൽ നിന്നും വിക്രം ബിദുരി; ചാന്ദ്‌നി ചൗക്കിൽ നിന്നും സുമൻ കുമാർ ഗുപ്ത; ജനക്പുരിയിൽ നിന്നും ആശിഷ് സൂദ്; പട്പർഗഞ്ചിൽ നിന്നും രവി നേഗി എന്നിവരാണ് പട്ടികയിലെ പ്രമുഖ പേരുകൾ. രവി നേഗി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയെ നേരിടും.

എന്നാൽ, ന്യൂഡൽഹി നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഭരണകക്ഷിയായ ആം ആദ്മി പാർട്ടി ബുധനാഴ്ച 70 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

Read more

ബി.ജെ.പിയും ആം ആദ്മി പാർട്ടിയും തങ്ങളുടെ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കുകയുളൂ എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.