'പലതവണ ഓരോരുത്തരുടെയും പേര് വിളിച്ച് നോക്കി, പ്രതികരണങ്ങളില്ല'; ടണലിൽ കുടുങ്ങി കിടക്കുന്നവർക്കായുള്ള തിരച്ചിൽ തുടരുന്നു

തെലങ്കാന നാഗർ കുർണൂൽ തുരങ്കത്തിൽ കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. എട്ട് പേർ കുടുങ്ങിക്കിടക്കുന്നതിന് 40 മീറ്റർ അടുത്ത് വരെ രക്ഷാ ദൗത്യ സംഘം എത്തി. എൻഡോസ്കോപിക്, റോബോട്ടിക് ക്യാമറകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾക്കിടയിൽ ജീവനോടെ ആരെങ്കിലും ബാക്കിയുണ്ടോ എന്നും പരിശോധിച്ച് വരികയാണ്. അതേസമയം തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് തെലങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു പറഞ്ഞു.

നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ഉത്തരാഖണ്ഡ് ദൗത്യത്തിൽ പങ്കെടുത്ത റാറ്റ് മൈനേഴ്സും ആണ് ഇന്ന് രാവിലെ ദൗത്യസംഘത്തിന് സഹായവുമായെത്തിയത്. രാത്രി മുഴുവൻ ലൗഡ് സ്പീക്കറുകളുപയോഗിച്ച് കുടുങ്ങിയ ഓരോരുത്തരുടെയും പേര് രക്ഷാപ്രവർത്തകർ വിളിച്ച് നോക്കിയെങ്കിലും മറുപടിയൊന്നുമുണ്ടായിരുന്നില്ല. രാത്രി വെള്ളമൊഴുകിയിറങ്ങിയത് കൂടിയതോടെ രക്ഷാപ്രവർത്തനവും ദുഷ്കരമായി. അതേസമയം തുരങ്കത്തിന്റെ മേൽക്കൂര ഇനിയു ഇടിയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

തുരങ്കത്തിൽ കുടുങ്ങിയ എട്ട് തൊഴിലാളികൾ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് തെലങ്കാന മന്ത്രി ജൂപ്പള്ളി കൃഷ്ണ റാവു പറഞ്ഞത്. കുടുങ്ങിയ എല്ലാവരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ദൗത്യ മേഖല സന്ദർശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

“അപകടസ്ഥലം ചെളിയും അവശിഷ്ടങ്ങളും കൊണ്ട് മൂടപ്പെട്ടതിനാൽ രക്ഷാപ്രവർത്തകർക്ക് ഈ ദൗത്യം വളരെ ബുദ്ധിമുട്ടുള്ളതാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ കുറഞ്ഞത് മൂന്ന് മുതൽ നാല് ദിവസമെങ്കിലും എടുത്തേക്കാം. സത്യം പറഞ്ഞാൽ, അവർ ജീവനോടെ എത്താനുള്ള സാധ്യത വളരെ കുറവാണ്. കാരണം അപകടസ്ഥലത്ത് നിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെയുള്ള അറ്റം വരെ താൻ പോയി. ഞങ്ങൾ ഫോട്ടോകൾ എടുത്തപ്പോൾ, തുരങ്കത്തിന്റെ അവസാനം വ്യക്തമായിരുന്നു, തുരങ്കത്തിന്റെ 9 മീറ്റർ വ്യാസത്തിൽ നിന്ന് 25 അടി വരെ ചെളി അടിഞ്ഞുകൂടിയിരുന്നു, ”മന്ത്രി പറഞ്ഞു.തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ പേരുവിവരങ്ങൾ രക്ഷാപ്രവർത്തകർ വിളിച്ചുപറഞ്ഞപ്പോൾ അവരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും കൃഷ്ണ റാവു പറഞ്ഞു.

Read more