'മേക്കപ്പ് ഇല്ലാതെ വന്നാൽ കങ്കണയാണോ അതോ അവരുടെ അമ്മയാണോ എന്ന് പറയാന്‍ കഴിയില്ല'; അധിക്ഷേപവുമായി കോൺഗ്രസ് എംപി, വിവാദം

ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് എംപി ജഗത് സിങ് നേഗി. മേക്കപ്പില്ലാതെ കങ്കണയെ തിരിച്ചറിയാന്‍ സാധിക്കില്ലെന്നായിരുന്നു എംപിയുടെ പരാമര്‍ശം. ഹിമാചലിൽ കനത്ത മഴയുടെയും വെള്ളപ്പൊക്കത്തിൻ്റെയും ഫലമായി ഉണ്ടായ ദുരിത ബാധിത പ്രദേശങ്ങള്‍ കങ്കണ സന്ദര്‍ശിച്ചതിന്‍റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് ഹിമാചല്‍ നിയമസഭയിൽ സിങ്ങിന്‍റെ പ്രസ്താവന.

“എല്ലാം സാധാരണ നിലയിലായപ്പോഴാണ് കങ്കണ ഹിമാചലിലെത്തിയത്. കനത്ത മഴയുടെ മുന്നറിയിപ്പുണ്ടായപ്പോഴോ അവരുടെ മാണ്ഡി മണ്ഡലത്തിൽ ഒമ്പത് പേർ മരിച്ചപ്പോഴും കങ്കണ വന്നില്ല. മഴ പെയ്യുമ്പോള്‍ വന്നാല്‍ അവരുടെ മേക്കപ്പ് ഒലിച്ചുപോകില്ലേ? മേക്കപ്പ് ഇല്ലെങ്കില്‍ കങ്കണയാണോ അതോ അവരുടെ അമ്മയാണോ എന്ന് പറയാന്‍ കഴിയില്ല” – എന്നായിരുന്നു സിങ് പരിഹസിച്ചത്.

ഹിമാചലിലെ സ്ഥിതി മെച്ചപ്പെട്ട ശേഷം എത്തിയ കങ്കണ മുതലക്കണ്ണീർ ഒഴുക്കുകയായിരുന്നുവെന്നും സിങ് കുറ്റപ്പെടുത്തി. കങ്കണയുടെ ബംഗ്ലാദേശ് പരാമര്‍ശം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നതിനാൽ അവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കഴിഞ്ഞ ആഴ്ച ജഗത് സിങ് നേഗി ആവശ്യപ്പെട്ടിരുന്നു.

ഇതിനെതിരെ ബിജെപിയുടെ ഹിമാചൽ യൂണിറ്റ് രംഗത്തെത്തി. കോൺഗ്രസ് എംപിയുടെ പരാമർശം സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി. അതേസമയം മഴക്കെടുതിയില്‍ ഹിമാചലില്‍ ഇതുവരെ 153 പേരാണ് മരിച്ചത്. സംസ്ഥാനത്തിന് 1,271 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.