അന്ത്യശാസനം അംഗീകരിച്ച് കാനഡ; നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റി

ഭൂരിപക്ഷം നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റി കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ സിംഗപ്പൂര്‍. ക്വാലലംപൂര്‍ എന്നിവിടങ്ങളിലേക്കാണ് മാറ്റിയത്.ഒക്ടോബര്‍ 10ന് മുന്‍പ് 14 ഉദ്യോഗസ്ഥരെ പിന്‍വലിക്കണം എന്ന് ഇന്ത്യ നിർദേശം നൽകിയിരുന്നു. ഇന്ത്യ നൽകിയ അന്ത്യശാസനം അംഗീകരിച്ചാണ് കാനഡ നടപടി സ്വീകരിച്ചത്.

കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നതായി വിദേശകാര്യ മന്ത്രാലയ വാക്തവായ അരിന്ദം ബാഗ്ചി വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 10 ന് ശേഷം ഇന്ത്യയില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ തുടര്‍ന്നാല്‍ നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്ന് ഇന്ത്യവ്യക്തമാക്കിയിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയില്‍ കാനഡയ്ക്ക് 62 പ്രതിനിധികളാണുള്ളത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടത്.കാനഡയുടെ നാല്‍പതോളം നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഖലിസ്ഥാൻ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തിൽ വിള്ളൽ ഉടലെടുത്തിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.