പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി എംപി ദിലീപ് ഘോഷിനെതിരെ കേസ്. പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ പൊലീസാണ് കേസ് എടുത്തത്. മമതയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നും ഇത് പൊരുമാറ്റച്ചട്ടലംഘനമാണെന്നുമാണ് കേസ്.
ബുധനാഴ്ച നടത്തിയ പ്രസ്താവനകളിൽ ഘോഷ് ക്ഷമാപണം നടത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. മാർച്ച് 29 നകം വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ”ത്രിപുരയില്‍ പോയാല്‍ ത്രിപുരയുടെ മകളാണെന്ന് പറയും. ഗോവയില്‍ പോയാല്‍ ഗോവയുടെ മകളാണെന്ന് പറയും. ദീദി ആദ്യം അച്ഛനാരാണെന്ന് ഉറപ്പിക്കട്ടെ” എന്നായിരുന്നു ദിലീപ് ഘോഷിന്റെ പരാമര്‍ശം.
ബംഗാളിന് വേണ്ടത് സ്വന്തം മകളെ’ എന്ന 2021 ലെ തൃണമൂലിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് മുദ്രാവാക്യത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്. അതേസമയം രാഷ്ട്രീയ പാർട്ടികളെ അവരുടെ നയങ്ങൾ, പരിപാടികൾ, ട്രാക്ക് റെക്കോർഡുകൾ, മുൻകാല പ്രവർത്തനങ്ങൾ എന്നിവയ്‌ക്കെതിരെ മാത്രമേ വിമർശനം ഉന്നയിക്കാവൂ എന്ന് തിരഞ്ഞെടുപ്പ് അതോറിറ്റി ദിലീപ് ഘോഷിനെ ഓർമ്മിപ്പിച്ചു.
Read more
പരാമര്‍ശത്തില്‍ ദിലീപ് ഘോഷിൽ നിന്ന് ബിജെപി നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. ഘോഷ് മാപ്പുപറയണമെന്ന ആവശ്യം തൃണമൂല്‍ കോണ്‍ഗ്രസും ഉന്നയിച്ചു. പൊരുമാറ്റച്ചട്ടലംഘനം ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.