സെന്‍സസ് വൈകുന്നത് ചോദ്യം ചെയ്തു; സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍

സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി പിരിച്ചുവിട്ട് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ സെന്‍സസ് വൈകുന്നതുമായി ബന്ധപ്പെട്ട് സമിതി അംഗങ്ങള്‍ക്കിടയില്‍ നിന്ന് ചോദ്യമുയർന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ കമ്മിറ്റി പിരിച്ച് വിട്ടത്. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പ്രണോബ് സെന്‍ ആയിരുന്നു സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ.

സ്ഥിതിവിവരക്കണക്ക് ശേഖരണ രീതികളുടെ ഏകോപനത്തിനും മെച്ചപ്പെടുത്തലിനും സര്‍ക്കാരിന് ഉപദേശകരായി പ്രവര്‍ത്തിക്കുന്നത് സ്റ്റാറ്റിറ്റിക്‌സ് സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ്. രാജ്യത്തെ സെന്‍സസ് നടപടികള്‍ അനന്തമായി വൈകുന്നതിനിടെയാണ് സമിതി പിരിച്ചുവിട്ട കേന്ദ്രസർക്കാരിന്റെ അപൂർവ നടപടി. അടുത്തിടെ രൂപീകരിച്ച നാഷണല്‍ സാംപിള്‍ സര്‍വേ സ്റ്റിയറിങ് കമ്മിറ്റിയുമായി സാറ്റാറ്റിസ്റ്റിക്‌സ് സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ലയിപ്പിക്കും എന്നാണ് പിരിച്ചുവിടലിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിശദീകരണം.

പാനൽ പിരിച്ചുവിടുന്നതിന് കാരണങ്ങൾ ഒന്നും കാണിച്ചിട്ടില്ലെന്ന് പ്രണോബ് സെന്‍ ദേശീയ മാധ്യമമായ ‘ദി ഹിന്ദു’വിനോട് പറഞ്ഞു. ഡാറ്റയുടെ പ്രധാന ഉറവിടമായ സെൻസസ് എന്തുകൊണ്ട് ഇതുവരെ നടത്തിയിട്ടില്ലെന്ന് സമിതിയുടെ അംഗങ്ങൾ യോഗങ്ങളിൽ ചോദിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സമിതി പിരിച്ചുവിട്ടുവെന്ന് ചൂണ്ടിക്കാട്ടി ഒരു ഇമെയിൽ സന്ദേശം ലഭിച്ചുവെന്നാണ് പ്രണോബ് സെന്‍ പ്രതികരിച്ചത്.

“കഴിഞ്ഞ വർഷം, പാനൽ അര ഡസനിലധികം മീറ്റിംഗുകൾ നടത്തുകയും, നിരവധി പ്രശ്‌നങ്ങൾ അതീവ ഗൗരവത്തോടെ ചർച്ച ചെയ്യുകയും ചെയ്തു. സെൻസസ് നടത്താത്തതിളേ പ്രശ്നം ആ ചർച്ചകളിലെല്ലാം ഉയർന്നിരുന്നു. ഓരോ ഡാറ്റാ സെറ്റും പാനലിന് മുമ്പാകെ കൊണ്ടുവന്നപ്പോൾ, പാനലിലെ അംഗങ്ങൾ സെൻസസിൻ്റെ ആവശ്യകതയെ ചൂണ്ടിക്കാട്ടുകയും, അത് നടത്തുന്നതിലെ കാലതാമസത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു”- പ്രണോബ് സെന്‍ പറഞ്ഞു.

2023 ജൂലൈയിലാണ് സ്റ്റാറ്റിറ്റിക്‌സ് സ്റ്റാന്‍ഡിങ് കമ്മിറ്റി ആദ്യമായി രൂപീകരിച്ചത്. സാമ്പിൾ ഫ്രെയിം, സാംപ്ലിംഗ് ഡിസൈൻ, സർവേ ഉപകരണങ്ങൾ എന്നിവയുൾപ്പെടെയുള്ള സർവേ രീതി ശാസ്ത്രത്തെക്കുറിച്ച് കേന്ദ്ര സർക്കാരിന് നിർദേശങ്ങൾ നൽകുക, സർവേകളുടെ ഒരു ടാബുലേഷൻ പ്ലാൻ അന്തിമമാക്കുക തുടങ്ങിയവയായിരുന്നു കമ്മിറ്റിയുടെ പ്രവർത്തനോദ്ദേശം.

1870 മുതൽ ഓരോ പത്ത് വർഷത്തിലും ഇന്ത്യയിൽ സെൻസസ് നടത്താറുണ്ടായിരുന്നു. എന്നാൽ 2011ലാണ് രാജ്യത്ത് അവസാന സെൻസസ് നടന്നത്. 2021 ലാണ് അടുത്ത സെൻസസ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് മഹാമാരി കാരണം വൈകി. എന്നാൽ കോവിഡ് ആശങ്കകൾ അകന്നിട്ടും ഇതുവരെ സെൻസസ് അറിയിപ്പ് വന്നിട്ടില്ല. ഒട്ടുമിക്ക സ്റ്റാറ്റിസ്റ്റിക്കൽ സർവേകൾക്കും ഉപയോഗിക്കുന്ന വിവരങ്ങൾ ഇപ്പോഴും 2011 ലെ സെൻസസിൽ നിന്നാണ് എടുക്കുന്നത്. ഇത് അവയുടെ കൃത്യതയെയും ഗുണനിലവാരത്തെയും ബാധിക്കുന്നതായി നിരവധി സാമ്പത്തിക വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.