സ്വന്തം കടം നിയന്ത്രിക്കാന്‍ കഴിയാത്ത കേന്ദ്രം സംസ്ഥാനങ്ങളുടെ കടം നിയന്ത്രിക്കുമ്പോൾ… കേരളത്തിന്റെ സാമ്പത്തികാവസ്ഥ അപകടകരമായ അവസ്ഥയിലാണെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയ കേന്ദ്രസർക്കാരിന് അതെ നാണയത്തിൽ മറുപടി നൽകി കേരളം.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രത്തിന് ഭരണഘടന ഒരു അവകാശവും നൽകുന്നില്ലെന്ന് കേരളം വ്യക്തമാക്കി. കേരളത്തിന്റെ കടമെടുക്കൽ പരിധി കുറച്ചതിനെതിരായ കേസിൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് കേരളം കേന്ദ്ര സർക്കാരിന്റെ മോശം ധനകാര്യം തുറന്നുകാട്ടിയത്.
സ്വന്തം കടം നിയന്ത്രിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ല. ഇന്ത്യയുടെ ആകെ കടത്തിന്റെ 60 ശതമാനവും കേന്ദ്ര സർക്കാരിന്റേതാണെന്നും രാജ്യത്തെ 28 സംസ്ഥാനങ്ങളും കൂടി ചേര്‍ന്നാൽ മാത്രമേ ബാക്കിയുള്ള 40 ശതമാനം തികയൂ എന്നും സുപ്രീംകോടതിയിൽ കേന്ദ്രം നല്കിയ സത്യവാങ്മൂലത്തിനുള്ള മറുപടിയിൽ കേരളം വ്യക്തമാക്കി.
കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനാണ് ശ്രമമെന്നും കേരളം അറിയിച്ചു. റവന്യൂ വരുമാനം നോക്കാതെ വാങ്ങുന്ന കടത്തിന് കേരളം പലിശ കൊടുത്തു മുടിയുകയാണെന്നും സംസ്ഥാനം സാമ്പത്തികമായി അപകടകരമായ അവസ്ഥയിലാണെന്നും കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ നിലവിലെ അവസ്ഥ മറച്ചുവെച്ചാണ് തങ്ങളെ കുറ്റപ്പെടുത്തുന്നതെന്ന് കേരളം ചൂണ്ടിക്കാട്ടി.
ഒരു സംസ്ഥാനത്തിന്റെയും കടമെടുപ്പ് നിയന്ത്രിക്കാൻ കേന്ദ്രത്തിന് ഭരണഘടന അവകാശം നൽകുന്നില്ല. രാജ്യത്തിന്റെ ആകെ കടത്തിന്റെ 1.70-1.75 ശതമാനം മാത്രമാണു 2019-2023 കാലത്തെ കേരളത്തിന്റെ കടം. സംസ്ഥാനങ്ങൾ സാമ്പത്തിക ധൂർത്ത് നടത്തിയാൽ പോലും അതു ദേശീയ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന വാദം സാങ്കൽപ്പികമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും സംസ്ഥാന നിയമസഭകൾ നിശ്ചയിച്ചിട്ടുള്ള പരിധികൾക്കു കീഴിൽ മാത്രമേ കടമെടുക്കാൻ കഴിയൂവെന്നും കേരളം ചൂണ്ടിക്കാട്ടി.
വികസനത്തിലും മറ്റു മാനവവിഭവ സൂചികയിലും കേരളം കൈവരിച്ച നേട്ടങ്ങൾക്കൊപ്പം മറ്റു സംസ്ഥാനങ്ങൾ എത്തില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ആരോഗ്യത്തിനും പൊതുവിദ്യാഭ്യാസത്തിനും ബജറ്റിൽ കൂടുതൽ തുക വകയിരുത്തുന്നുണ്ട്. എന്നാൽ കേരളത്തോട് അവികസിത സംസ്ഥാനങ്ങള്‍ക്ക് അനുകൂലമായ മാനദണ്ഡമാണ് ധനകാര്യ കമീഷന് സ്വീകരിക്കുന്നത്.
കേരളത്തിന്റെ ധനകാര്യസ്ഥിതി മറ്റു സംസ്ഥാനങ്ങളുടെ ശരാശരിയുമായി തുലനം ചെയ്യുന്നത് നീതീകരിക്കാനാകില്ലെന്നും സത്യവാങ്മൂലം വിശദീകരിക്കുന്നു. കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി ജനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കേരളത്തെ മാനവ വികസന സൂചികയിൽ രാജ്യത്തെ മുൻനിരയിൽ എത്തിച്ചത്.
കേന്ദ്രത്തിന്റെ മോശം ക്രഡിറ്റ് റേറ്റിംഗ് കേരളത്തിലെ സംരംഭങ്ങളെ മോശമായി ബാധിച്ചിട്ടുണ്ട്. കിഫ്ബി വിദേശ വാണിജ്യ വായ്പകളിലൂടെ ഫണ്ട് സമാഹരിച്ചപ്പോൾ കേന്ദ്രത്തിന്റെ മോശം റേറ്റിംഗ് കേരളത്തെ ബാധിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇത് സംസ്ഥാനത്ത് ട്രഷറി മുടക്കത്തിലേക്കടക്കം നയിക്കുമെന്ന് കേരളം ഭയപ്പെടുന്നുണ്ട്. അടിയന്തരമായി 2,62,226 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നത്. കേന്ദ്രത്തിനെതിരെ കേരളം നൽകിയ കേസ് ഫെബ്രുവരി 13 നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
Read more
ഫെഡറല്‍ സംവിധാനത്തില്‍ പിരിക്കുന്നതിനുള്ള സംവിധാനം കേന്ദ്രത്തിനുള്ളതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ടത് തിരിച്ചു നല്‍കണം എന്നത് തന്നെയാണ് കേരളത്തിന്റെ നിലപാട്. ഭരണഘടനയിൽ കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ രാഷ്ട്രീയം മാത്രമല്ല സാമ്പത്തികവും നിര്‍വചിച്ചിട്ടുണ്ട്. ആദായനികുതി ആയാലും ജിഎസ്ടി ആയാലും ഇന്ത്യയില്‍ നിന്നല്ല സംസ്ഥാനങ്ങളില്‍ നിന്നാണ് പിരിവ് നടക്കുന്നത്. യഥാർത്ഥത്തിൽ നാസിക്കിലെ നോട്ടടിക്കുന്ന പ്രസ് മാത്രമാണ് കേന്ദ്രത്തിന്റെ ആസ്തി എന്ന് പറയുന്നതിൽ തെറ്റുണ്ടോ.