കേന്ദ്രസര്‍ക്കാര്‍ ഇസ്രായേലിലേക്കുള്ള ആയുധക്കയറ്റുമതി ഉടന്‍ നിര്‍ത്തലാക്കണം; റാഫയിലെ ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ

റാഫയിലെ ടെന്റ്റ് ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ അതിക്രമത്തെ ശക്തമായി അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ക്യാമ്പിന് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 45 പേരില്‍ 20 സ്ത്രീകളും കുട്ടികളും അടങ്ങുന്നു.

റഫയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി നിര്‍ദ്ദേശം നല്‍കിയതിന് ശേഷവും ഇസ്രായേല്‍ സൈന്യം മനുഷ്യത്വരഹിതമായ കടന്നാക്രമണം തുടരുകയാണ്. ഗാസയിലെ മനുഷ്യക്കുരുതിയില്‍ ഇതുവരെ 36,000ല്‍ പരം പേര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകളുടെ ശവശരീരങ്ങള്‍ തകര്‍ക്കപ്പെട്ട കെട്ടിടങ്ങളുടെ അടിയില്‍ നിന്ന് ഇപ്പോഴും കണ്ടെടുക്കാനുമായിട്ടില്ല.

ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കെതിരെ ഇന്ത്യയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും സമാധാനപ്രിയരും ശബ്ദമുയര്‍ത്തണം. ഇസ്രായേല്‍ റഫയില്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ നടപ്പാക്കാനുമുള്ള ആവശ്യം ഉയര്‍ത്താന്‍ എല്ലാവരും മുന്നോട്ടുവരണം.

Read more

യുദ്ധം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ മോദി സര്‍ക്കാര്‍ ഇസ്രായേലിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണം. ഇസ്രായേലിലേക്കുള്ള എല്ലാ ആയുധക്കയറ്റുമതിയും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നിര്‍ത്തലാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.