സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്നു; യുജിസി കരട് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണം; മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്ന് എതിര്‍ക്കുമെന്ന് സിപിഎം

യുജിസി കരട് ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് സിപിഎം. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ അട്ടിമറിക്കുന്നതാണ് യുജിസി കരട് ചട്ടങ്ങള്‍. വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് ഏകപക്ഷീയമായി തീരുമാനമെടുക്കാന്‍ കരട് അധികാരം നല്‍കുന്നു.

2025-ലെ ഡ്രാഫ്റ്റ് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ റെഗുലേഷന്‍സിലെ വ്യവസ്ഥകളില്‍ ഒന്ന് സര്‍ക്കാരിന് കീഴിലുള്ള സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്നതില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്.

മൂന്നംഗ സെലക്ഷന്‍ കമ്മിറ്റിയും അതില്‍ തന്നെ ചാന്‍സലറുടെ നോമിനി ചെയര്‍പേഴ്‌സണെയും നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് മാര്‍ഗരേഖ നല്‍കുന്നു. പ്രതിപക്ഷം ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍മാര്‍ ഏകപക്ഷീയമായി പെരുമാറുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത് സംഭവിക്കുന്നത്.

സെലക്ഷന്‍ കമ്മിറ്റിയില്‍ ആരെയാണ് നിയമിക്കുന്നത് എന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു അഭിപ്രായവും ഉണ്ടാകില്ല. ഒറ്റയടിക്ക്, ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വഴി ഗവര്‍ണര്‍മാര്‍ക്ക് ചാന്‍സിലര്‍ എന്ന പദവി ഉപയോഗിച്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ സര്‍വകലാശാലകളിലും കേന്ദ്രത്തിന് ഇഷ്ടമുള്ള വൈസ് ചാന്‍സലര്‍മാരെ നിയമിക്കാം.

Read more

ഈ കരട് ചട്ടങ്ങള്‍ ഭരണഘടനാപരമായ നിലപാടിനെ ലംഘിക്കുന്നു. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ എല്ലാ ജനാധിപത്യ വിഭാഗങ്ങളും ഈ അപകടകരമായ വ്യവസ്ഥയെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു.