ചന്ദ്രശേഖർ ആസാദിന് ഹൃദയാഘാതം ഉണ്ടായേക്കാം, പൊലീസ് വൈദ്യസഹായം നിരസിക്കുന്നു; ഉടന്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡോക്ടര്‍ 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ നടത്തിയ പ്രതിഷേധത്തെ തുടർന്ന് റിമാൻഡിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ ഹൃദയാഘാതം ഉണ്ടായേക്കാമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ ഹർജിത് സിംഗ് ഭാട്ടി.  ആസാദിന് ഉടന്‍ ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അതിന് അനുമതി നല്‍കണമെന്നും  ഡോക്ടര്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

ആസാദ് കഴിഞ്ഞ ഒരു വർഷമായി ചികിത്സയിലാണെന്നും ആഴ്ചയിൽ രണ്ടു ദിവസം ഫ്‌ളബട്ടമി ചെയ്യാറുണ്ടെന്നും ഡോ. ഹർജിത് സിംഗ് പറയുന്നു. (രോഗനിർണ്ണയത്തിനും വിശകലനത്തിനുമായി ഞരമ്പിൽ നിന്ന് രക്തസാമ്പിൾ എടുക്കുന്നതിനെയാണ് ഫ്‌ളബട്ടമി എന്നുപറയുന്നത്. രക്ത വൈകല്യങ്ങളുള്ള രോഗികളുടെ ചികിത്സയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്. ചുവന്ന രക്താണുക്കൾ വർദ്ധിക്കുന്ന രോഗമുള്ളവരിലും ഫ്‌ളബട്ടമി ചെയ്തു വരാറുണ്ട്.)

“ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ഒരു വർഷമായി ആസാദിന് ആഴ്ചയിൽ രണ്ട് തവണ ഫ്‌ളബട്ടമി ചെയ്യുന്നുണ്ട്. ഇത് ചെയ്തില്ലെങ്കിൽ അദ്ദേഹത്തിന്റെ രക്തം കട്ടിയാകുകയും ഹൃദയാഘാതമുണ്ടാകുകുയം ചെയ്യും. ചന്ദശേഖർ ആസാദിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിരവധി തവണ തിഹാർ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും അവർ വൈദ്യസഹായം നൽകാൻ തയ്യാറാകുന്നില്ല.”-ഡോ. ഹർജിത് സിംഗ് പറഞ്ഞു.

വൈദ്യസഹായം നിരസിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും എയിംസിൽ ആസാദിന് ചികിത്സാ സൗകര്യമൊരുക്കാൻ അമിത് ഷായും ഡൽഹി പൊലീസും തയ്യാറാകണമെന്നും ഡോക്ടർ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റിലായ ചന്ദ്രശേഖർ ആസാദിനെ കോടതി 14 ദിവസത്തേക്ക് ജുഡിഷ്യൽ കസറ്റഡിയിൽ വിടുകയായിരുന്നു. ഡിസംബർ 21-ന് അദ്ദേഹം സമർപ്പിച്ച ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

“രാവൺ” എന്ന പേരിൽ ജനകീയനായ നേതാവാണ് ചന്ദ്രശേഖർ ആസാദ്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ചുട്ട്മാൽപൂർ ഗ്രാമത്തിൽ നിന്നും പോരാട്ടവീര്യം കൊണ്ടാണ് ആസാദ് രാജ്യത്തിന്റെ ശ്രദ്ധ നേടുന്നത്. ദളിത് വിഭാഗങ്ങളുടെ പുരോഗമനം ലക്ഷ്യമിട്ട് 2015-ലാണ് ആസാദ് ഭീം ആർമി രൂപീകരിക്കുന്നത്. ഡോ.ബി.ആർ.അംബേദ്കറുടെയും ബി.എസ്.പി സ്ഥാപകൻ കാൻഷി റാമിന്റെയും ആശയങ്ങളും പ്രവർത്തനങ്ങളുമായിരുന്നു പ്രചോദനം. 2017-ൽ സഹരൻപൂരിൽ ദളിതരും ഠാക്കൂർമാരും തമ്മിൽ ഏറ്റുമുട്ടിയതോടെയാണ് ഭീം ആർമി ദേശീയശ്രദ്ധയിലേക്ക് എത്തുന്നത്. സംഘർഷത്തെ തുടർന്ന് ദേശീയസുരക്ഷാ നിയമപ്രകാരം ആസാദിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. 16 മാസങ്ങൾ ആസാദ് ജയിലിൽ കിടന്നിരുന്നു.