കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ദ് മന്നും. ഇരുവരും കേരളത്തിന്റെ സമരപന്തലില്‍ എത്തി പിന്തുണ പ്രഖ്യാപിച്ചു. ഡിഎംകെയെ പ്രതിനിധീകരിച്ച് തമിഴ്നാട് മന്ത്രി പളനിവേല്‍ ത്യാഗരാജനും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബുല്ലയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്
കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി വരിഞ്ഞ് മുറുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനായി എന്നും നിലകൊണ്ടവരാണ് ഞങ്ങള്‍. പക്ഷേ, ഇന്നത്തെ സമരത്തെ വഴിതിരിച്ച് വിടാന്‍ പ്രധാനമന്ത്രി തന്നെ ചില പരാമര്‍ശങ്ങള്‍ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത എന്ന ആരോപണം അസത്യമാണ്. ട്രഷറി പൂര്‍ണമായും പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ തനത് വരുമാനം വര്‍ദ്ധിക്കുന്നുണ്ട്.
Read more
കേരള ഹൗസില്‍ നിന്നും ജന്തര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധത്തിന് എത്തിയത്. ജന്തര്‍മന്തറില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രതിഷേധം ഉച്ചവരെ തുടരും. എന്‍ഡിഎ ഇതര കക്ഷികളുടെ മുഖ്യമന്ത്രിമാരെയും ദേശീയ നേതാക്കളെയും സമരത്തിലേക്ക് ക്ഷണിച്ച് കത്ത് നല്‍കിയിട്ടുണ്ട്.