ക്രിസ്മസ് തലേന്ന് പട്ടൗഡിയിലെ ഒരു ക്രിസ്ത്യൻ പള്ളിയുടെ പരിസരത്ത് തീവ്ര വലതുപക്ഷ പ്രവർത്തകരെന്ന് പറയപ്പെടുന്ന ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി പ്രാർത്ഥന തടസ്സപ്പെടുത്തി. എന്നാൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം ചില പുരുഷന്മാർ പള്ളി വളപ്പിൽ കയറി ‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഇവർ ഗായകസംഘത്തെ വേദിയിലേക്ക് തള്ളിയിടുകയും മൈക്ക് തട്ടിയെടുക്കുകയും ചെയ്യുന്നതായി വിഡിയോയിൽ കാണാം.
ഗുരുഗ്രാമിൽ തുറസ്സായ സ്ഥലങ്ങളിൽ മുസ്ലിങ്ങൾ നമസ്‌കാരം നടത്തുന്നത്തിനെതിരെ ഹിന്ദുത്വവാദികൾ രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ക്രിസ്‌ത്യൻ പള്ളികൾക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.
Read more
“പള്ളിയിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നതിനാൽ ഞങ്ങൾ ഭയന്നു. ഓരോ ദിവസം കഴിയുന്തോറും ശല്യം വർദ്ധിക്കുന്നു. ഇത് പ്രാർത്ഥിക്കുന്നതിനും മതവിശ്വാസത്തിനുമുള്ള ഞങ്ങളുടെ അവകാശത്തിന്റെ ലംഘനമാണ്.” ഒരു പ്രാദേശിക പാസ്റ്റർ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ പൊലീസിന് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പട്ടൗഡി സ്റ്റേഷൻ ഹൗസ് ഓഫീസർ അമിത് കുമാർ പറഞ്ഞു.