ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മലയാളി പൈലറ്റ് വിപിൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ പോർബന്തറിൽ രക്ഷാ പ്രവർത്തനത്തിനെത്തിയ മാവേലിക്കര കണ്ടിയൂർ പറക്കടവ് നന്ദനം വീട്ടിൽ വിപിൻ ബാബു (39) വാണ് മരിച്ചത്. കോപൈലറ്റിനടക്കം ജീവൻ നഷ്ടമായപ്പോൾ ഒരാൾ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയിലായിരുന്നു അപകടം. നാല് പേരാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത്. രക്ഷാ പ്രവർത്തനത്തിന് എത്തിയ കോസ്‌റ്റ് ഗാർഡിന്റെ ഹെലികോപ്ടർ അടിയന്തര ലാൻഡിങ് നടത്തവേ കടലിൽ പതിച്ചാണ് ഹെലികോപ്ടറിന്‍റെ പൈലറ്റും കോസ്റ്റ് ഗാർഡ് സീനിയർ ഡപ്യൂട്ടി കമാൻഡന്‍റുമായ മലയാളിയടക്കമുള്ളവർ മരിച്ചത്.
കുടുംബസമേതം ഡൽഹിയിലായിരുന്നു വിപിൻ ബാബുവിന്‍റെ താമസം. മൂന്ന് മാസം മുമ്പാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്. അതേസമയം കാണാതായ ഒരാളുടെ മൃതദേഹം കണ്ടത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. മറ്റൊരു പൈലറ്റായ രാകേഷ് റാണയെയാണ് ഇനി കണ്ടെത്താനുള്ളത്. അതിനിടെ അപകടത്തിൽ രക്ഷപ്പെടുത്തിയ ക്രൂ അംഗം ഗൗതം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.