IPL 2025: ഐപിഎലില്‍ എറ്റവും മോശം ബോളിങ് യൂണിറ്റ് അവരുടേത്, എല്ലാവരും ഇപ്പോള്‍ ചെണ്ട പോലെ, വിമര്‍ശനവുമായി ക്രിസ് ശ്രീകാന്ത്

ഐപിഎലില്‍ ഇത്തവണത്തെ എറ്റവും മോശം ബോളിങ് യൂണിറ്റ് ഏതാണെന്ന് തുറന്നുപറഞ്ഞ് മുന്‍ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളര്‍മാരെയാണ് ചീക്ക നിര്‍ത്തിപൊരിച്ചത്. ഈ വര്‍ഷത്തെ എറ്റവും മോശം ബോളിങ് യൂണിറ്റ് സണ്‍റൈസേഴ്‌സിനാണെന്ന് അദ്ദേഹം പറയുന്നു. ഹൈദരാബാദിന്റെ പ്രധാന ബോളറായ മുഹമ്മദ് ഷമിയുടെ മോശം ഫോമിനെയും ശ്രീകാന്ത് ചോദ്യം ചെയ്തു. കഴിഞ്ഞ നാല് മത്സരങ്ങളിലായി ഹൈദരാബാദിന്റെ പേരുകേട്ട ബോളിങ് നിിരയ്ക്ക് 20 വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്താനായത്. ഈ മത്സരങ്ങളില്‍ നിന്നെല്ലാം ആകെ നാല് വിക്കറ്റുകളാണ് 34കാരനായ മുഹമ്മദ് ഷമിയുടെ സമ്പാദ്യം.

നായകന്‍ പാറ്റ് കമ്മിന്‍സിനാവട്ടെ ആകെ മൂന്ന് വിക്കറ്റുകളാണ് ലഭിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 80 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഹൈദരാബാദിനെതിരെ ശ്രീകാന്ത് തുറന്നടിച്ചത്. എറ്റവും മോശം ബോളിങ് യൂണിറ്റാണ് ഹൈദരാബാദിന്റേതെന്ന് പറഞ്ഞ അദ്ദേഹം ഒരു ഡെഡ്‌ലി ബോളറെ അവരുടെ ലൈനപ്പില്‍ കാണാന്‍ കഴിയുന്നില്ലെന്നും പറഞ്ഞു. “ഷമി മികച്ചവനാണ്, പക്ഷേ മാരകമല്ല. അവന്‍ ഇപ്പോള്‍ പഴയ ഷമിയല്ല. ദയവായി മനസിലാക്കുക. വര്‍ഷങ്ങള്‍ മുന്നോട്ടുപോയി. അദ്ദേഹത്തിന് പ്രായമായി. ഇപ്പോള്‍ എസ്ആര്‍എച്ചിന്റെ ബോളിങിനെ എതിരാളികള്‍ക്ക് നേരിടാന്‍ എളുപ്പമാണ്”, ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Read more

“സ്പിന്നര്‍മാരെ അവര്‍ വെറും നാല് ഓവറുകളില്‍ മാത്രമാണ് ഉപയോഗിച്ചത്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ കാമിന്ദു മെന്‍ഡിസിന് നല്‍കിയതാവട്ടെ ആകെ ഒരു ഓവര്‍. പിന്നെ ഒരു വിക്കറ്റെടുത്ത സീഷാന്‍ അന്‍സാരിക്ക് മൂന്ന് ഓവറുകളും നല്‍കി. ക്രീസില്‍ ഇടംകയ്യന്‍മാര്‍ കൂടുതലുണ്ടായിരുന്നതിനാല്‍ അവര്‍ സ്പിന്നര്‍മാരെ ഉപയോഗിക്കാന്‍ മടിച്ചു. എനിക്ക് തോന്നുന്നു ഓസ്‌ട്രേലിയന്‍ സമീപനമുളള ഒരു ബോള്‍ഡ് ക്യാപ്റ്റനാണ് കമ്മിന്‍സെന്ന്. പക്ഷേ ഞാന്‍ നിരാശനാണ്”, ക്രിസ് ശ്രീകാന്ത് പറഞ്ഞുനിര്‍ത്തി.