അതിനും കുറ്റം കോണ്‍ഗ്രസിന്, യുപിഎ വഖഫ് ഭേദഗതിയെ വെച്ചുള്ള ബാജ്പ രാഷ്ട്രീയം; അമിത് ഷാ പറഞ്ഞതേറ്റുപാടിയ റിജിജു, 'യുപിഎയും 2013ലെ വഖഫ് ഭേദഗതിയും' വാസ്തവമെന്ത്?

രാജ്യത്ത് 13 വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലിരുന്നിട്ടും എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം നെഹ്‌റുവിനെ കുറ്റം പറയുന്ന ഒരു പ്രധാനമന്ത്രിയും ഭരണപക്ഷവും വഖഫ് ഭേദഗതി ബില്ല് പാസാക്കിയെടുക്കുമ്പോഴും ആ കീഴ്‌വഴക്കം മറന്നില്ല. ഇക്കുറി നെഹ്‌റു രക്ഷപ്പെട്ടു കുറ്റം മുഴുവന്‍ യുപിഎ സര്‍ക്കാരിനാണ്. 2013ല്‍ യുപിഎ സര്‍ക്കാര്‍ 1995ലെ വഖഫ് ബില്ലിന് ഭേദഗതി കൊണ്ടുവന്ന് ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയില്ലായിരുന്നെങ്കില്‍ നിലവിലെ ബില്ലിന്റെ ആവശ്യം ഉണ്ടാവുമായിരുന്നില്ലെന്ന കഥയാണ് അമിത് ഷാ തുടക്കമിട്ട് ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞുവെച്ചത്. വിവാദമായ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കേണ്ടത് അനിവാര്യമാക്കുന്ന സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാരാണെന്നാണ് ബിജെപി പറഞ്ഞുവെയ്ക്കുന്നത്. 1995 ലെ വഖഫ് നിയമത്തില്‍ കൊണ്ടുവന്ന 2013ലെ ഭേദഗതി വ്യവസ്ഥകള്‍ അതീവ തീവ്രവും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അങ്ങേയറ്റം പ്രീണന നടപടിയായിരുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞത്.

പിന്നാലെ ബില്ല് അവതരിപ്പിക്കുമ്പോള്‍ ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും ആ വാചകങ്ങള്‍ ഏറ്റു ചൊല്ലി. അങ്ങേയറ്റം പ്രശ്‌നം പിടിച്ചൊരു നിയമം നിങ്ങളുണ്ടാക്കി വെച്ചത് മറ്റ് ചില വ്യവസ്ഥകളിലൂടെ ഞങ്ങള്‍ ലഘൂകരിച്ച് ഏവര്‍ക്കും ഗുണമുള്ളതാക്കുന്നുവെന്നതാണ് വഖഫ് ഭേദഗതി ബില്ലില്‍ ബിജെപി പ്രചരിപ്പിക്കുന്നത്. അന്ന് നിയമം ഭേദഗതി ചെയ്തില്ലായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ബില്ലിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലെന്നതാണ് ഷായും റിജിജുവും പറഞ്ഞുവെച്ചത്. 2013ല്‍, ഏത് മതത്തില്‍പ്പെട്ടവര്‍ക്കും വഖഫ് രൂപീകരിക്കാമെന്ന തരത്തിലേക്ക് യുപിഎ സര്‍ക്കാര്‍ വഖഫ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നുവെന്നും ഇത് 1995-ലെ യഥാര്‍ത്ഥ നിയമത്തെ ദുര്‍ബലപ്പെടുത്തിയെന്നുമാണ് ബിജെപി ആരോപിക്കുന്നത്. ഇതേ തുടര്‍ന്ന് ഷിയ വഖഫ് ബോര്‍ഡില്‍ ഷിയകള്‍ മാത്രമേ ഉണ്ടാകാവൂ എന്നും സുന്നി വഖഫ് ബോര്‍ഡില്‍ സുന്നികള്‍ മാത്രമേ ഉണ്ടാകാവൂ എന്നും വ്യവസ്ഥ ചെയ്യപ്പെട്ടുവെന്നും കിരണ്‍ റിജിജു സഭയില്‍ പറഞ്ഞു.

ഇതെല്ലാം ഇത്തരത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തരത്തിലാണോ യുപിഎ സര്‍ക്കാര്‍ ഭേദഗതി 2014 തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുണ്ടാക്കിയതെന്ന സംശയം ജനമനസുകളില്‍ കോരി ഇടാനാണ് ബിജെപി ശ്രമിച്ചത്. ഇത് ബിജെപി തങ്ങളെ ഒരുതരത്തിലും കടാക്ഷിക്കാത്ത കേരളത്തില്‍ മുനമ്പം പ്രശ്‌നത്തില്‍ കൂട്ടിച്ചേര്‍ത്ത് വോട്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മുനമ്പം സമരത്തിലുള്ള 50 പേര്‍ ബിജെപിയില്‍ അംഗത്വമെടുത്തതും വഖഫ് ബില്‍ രാജ്യസഭയിലും പാസായതില്‍ പടക്കം പൊട്ടിച്ച് സമരക്കാര്‍ ആഘോഷിച്ചതും വലിയ രീതിയിലാണ് ബിജെപി കേരളത്തില്‍ കൊണ്ടാടുന്നത്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരും ബിഡിജെഎസിന്റെ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമൊക്കെ മുനമ്പത്തെത്തി അവസരം മുതലാക്കാന്‍ ശ്രമിക്കുന്നുണ്ട്. അപ്പോഴും വഖഫ് ഭേദഗതി ബില്ല് മുനമ്പത്തിന് പരിഹാരമല്ലെന്ന കാര്യം ചര്‍ച്ചയാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട് ബിജെപി. മുന്‍കാല പ്രാബല്യത്തോടെയല്ല നിയമം വരുന്നതെന്ന് അമിത് ഷാ പറഞ്ഞത് സൗകര്യപൂര്‍വ്വം മറക്കുകയാണ് പലരും.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അന്ന് ആ നിയമ ഭേദഗതി വരുത്തിയില്ലായിരുന്നെങ്കില്‍ എന്ന ബിജെപി കുറ്റപ്പെടുത്തലില്‍ അന്നത്തെ ഭേദഗതിയെ കുറിച്ചും നോക്കാം. 2010 മെയ് 7 ന് ലോക്സഭയില്‍ ബില്‍ ആദ്യമായി അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തുവെങ്കിലും രാജ്യസഭ സൂക്ഷ്മപരിശോധനയ്ക്കായി ബില്‍ സെലക്ട് കമ്മിറ്റിക്ക് അയച്ചു, ചില ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. 2013 ല്‍ ലോക്സഭ ഭേദഗതികള്‍ ചര്‍ച്ച ചെയ്യുകയും തുടര്‍ന്ന് പാസാക്കുകയും ചെയ്തു.

2013 ലെ വഖഫ് ഭേദഗതി നിയമം 1995ലെ നിയമത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിരുന്നു. 1995 ലെ നിയമപ്രകാരം വഖഫ് സ്വത്തുക്കളെ സംബന്ധിച്ച തര്‍ക്കങ്ങള്‍ കേള്‍ക്കുന്നതിനുള്ള ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതായിരുന്നു ഭേദഗതി. സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു കേന്ദ്ര വഖഫ് കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ സാമ്പത്തിക പ്രകടനം, സര്‍വേകള്‍, അധികാരപരിധിയിലുള്ള സ്വത്തുക്കളുടെ മേലുള്ള കൈയേറ്റങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ പഠിക്കുക എന്നതായിരുന്നു കൗണ്‍സില്‍ രൂപീകരിച്ചതിന്റെ ലക്ഷ്യം. 2013ല്‍ അന്നത്തെ ന്യൂനപക്ഷകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ലോക്സഭയില്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചതിനുശേഷം, വഖഫ് സ്വത്തുക്കളുടെ കൈയേറ്റത്തെ കുറിച്ചായിരുന്നു പ്രധാനമായും ചര്‍ച്ചകള്‍ നടന്നത്.

വഖഫ് സ്വത്തുക്കള്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തുകയോ വാങ്ങുകയോ ചെയ്താല്‍ രണ്ട് വര്‍ഷം തടവ് ശിക്ഷ ലഭിക്കാന്‍ സെക്ഷന്‍ 52 വ്യവസ്ഥ ചെയ്യുന്നതിനൊപ്പം വഖഫ് സ്വത്തുക്കള്‍ വില്‍ക്കാനും സമ്മാനമായി നല്‍കാനുമുള്ള വഖഫ് ബോര്‍ഡിന്റെ അവകാശം ഇല്ലാതാക്കുകയും ചെയ്തിരുന്നു ഭേദഗതി. അതുപോലെ, വഖഫ് സ്വത്തുക്കളുടെ സര്‍വേയ്ക്ക് നിശ്ചയിച്ചിരുന്ന കാലയളവ് 20 വര്‍ഷത്തില്‍ നിന്ന് 10 വര്‍ഷമായി കുറച്ചു. മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി മേധാവിയുമായ ലാലു പ്രസാദ് യാദവടക്കം ബില്ലിനെ സ്വാഗതം ചെയ്തിരുന്നു. ആ സമയത്ത് മാറ്റങ്ങളെ സ്വാഗതം ചെയ്തവരില്‍ ബിജെപി എംപി ഷാനവാസ് ഹുസൈനും ഉള്‍പ്പെടുന്നുവെന്നതും പ്രത്യേകം ഓര്‍ക്കേണ്ട കാര്യമാണ്. ബില്ലിനെ ‘തികച്ചും ഉചിതം’ എന്ന് വിശേഷിപ്പിച്ച ബിജെപി എംപി ഈ ഭേദഗതി വഖഫ് സ്വത്തുക്കളുടെ കൈയേറ്റങ്ങള്‍ കുറയ്ക്കുമെന്നും പറഞ്ഞു.

ചര്‍ച്ചയ്ക്ക് ശേഷം ബില്ലിന്റെ ഉദ്ദേശ്യം സംസ്ഥാന, കേന്ദ്ര വഖഫ് ബോര്‍ഡുകളിലേക്ക് എത്താന്‍ സ്ത്രീകളെ അനുവദിക്കുക എന്നതാണെന്ന് കൂടി മന്ത്രി ഖുര്‍ഷിദ് പറഞ്ഞിരുന്നു. വഖഫ് ബോര്‍ഡുകളും സര്‍ക്കാരും ഉള്‍പ്പെട്ട നിരവധി കേസുകള്‍ പല സ്ഥലങ്ങളിലും നടക്കുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച മന്ത്രി, റവന്യൂ വകുപ്പ് രേഖകളുടെ സൂക്ഷിപ്പുകാരന്‍ എന്ന നിലയില്‍ മാത്രമാണ് സര്‍ക്കാര്‍ കേസകളില്‍ ഉള്‍പ്പെട്ടതെന്നും വ്യക്തമാക്കിയിരുന്നു. വഖഫിന്റെ റവന്യൂ രേഖകളിലും സര്‍വേ രേഖകളിലും പലയിടത്തും വ്യത്യാസങ്ങളുണ്ടെന്നും അതുകൊണ്ടാണ് ഞങ്ങള്‍ ട്രൈബ്യൂണലുകളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും മൂന്ന് പേരടങ്ങുന്ന ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തതെന്നും കോണ്‍ഗ്രസ് മന്ത്രി വ്യക്തമാക്കി. ഒപ്പം ട്രൈബ്യൂണലിന് ശേഷം ഹൈക്കോടതി ഉണ്ടെന്നും ഒരാള്‍ക്ക് ഹൈക്കോടതിയെയും സമീപിക്കാമെന്നതും അന്നത്തെ ഭേദഗതി സമയത്ത് തന്നെ വ്യക്തമാക്കിയതാണ്.

2013ലെ ഭേദഗതി കൊണ്ടുവന്നതില്‍ മറ്റൊരു കാര്യം നിലവിലുള്ള മറ്റേതെങ്കിലും നിയമവുമായി എന്തെങ്കിലും ഡിസ്പ്യൂട്ട് ഉണ്ടായാല്‍ വഖഫ് നിയമത്തിന് മറ്റുനിയമത്തിന് മേല്‍ കൂടുതല്‍ അധികാരം നല്‍കുന്നതിനായി സെക്ഷന്‍ 108എ യുപിഎ അവതരിപ്പിച്ചു എന്നതാണ്. ഏതൊരു സാഹചര്യത്തിലും വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് മറ്റ് നിയമങ്ങളെക്കാള്‍ മുന്‍ഗണന നല്‍കുന്ന രീതിയിലായിരുന്നു നിയമം. നിലവിലെ വഖഫ് ബില്ലില്‍ ഈ വകുപ്പ് പൂര്‍ണ്ണമായും ബിജെപി എടുത്തുമാറ്റിയിട്ടുണ്ട്. വഖഫിന് സ്വത്ത് സമര്‍പ്പിക്കുന്നതിനുള്ള ആവശ്യകതകളും വഖഫ് സ്വത്ത് ആര്‍ക്കൊക്കെ സമര്‍പ്പിക്കാമെന്നത് നിയന്ത്രിക്കുന്നുണ്ട്.

2013 ലെ ഭേദഗതി ഷിയ, സുന്നി വഖഫുകളെ മാത്രമേ അംഗീകരിച്ചിട്ടുള്ളൂവെന്നിരിക്കെ നിലവിലെ ബില്‍ അഗാഖാനി, ബോറ വഖഫുകളെ കൂടി അവതരിപ്പിക്കുന്നുണ്ട്. ഒരു സ്വത്ത് വഖഫായി സമര്‍പ്പിക്കുന്നതിന് മുമ്പ് ‘കുറഞ്ഞത് അഞ്ച് വര്‍ഷമായി ഇസ്ലാം ആചരിക്കുന്നുണ്ടെന്ന്’ കാണിക്കാനോ തെളിയിക്കാനോ കഴിയുന്ന വ്യക്തികളെ മാത്രമേ പുതിയ ബില്‍ വഖഫിന് അനുവദിക്കൂ. 2013-ലെ ഭേദഗതി ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തിയെങ്കില്‍ പുതിയ ബില്‍ വഖഫ് സ്വത്തുക്കളുടെ മൊത്തത്തിലുള്ള ഭരണത്തില്‍ ട്രൈബ്യൂണലുകളുടെ പ്രാധാന്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. 2013-ലെ ഭേദഗതി വഖഫ് സ്വത്തുക്കളുടെ കാര്യത്തില്‍ ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ പുതിയ ബില്ലില്‍ അത്തരമൊരു വാക്യമില്ല. നേരിട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ആവലാതിക്കാരന് അവസരവുമുണ്ട്. കേന്ദ്ര വഖഫ് ബോര്‍ഡിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും ഘടനയിലും പ്രവര്‍ത്തനത്തിലും പുതിയ ബില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നു. മുസ്ലീങ്ങളല്ലാത്തവരെ ആദ്യമായി ബോര്‍ഡുകളുടെ ഭാഗമാകാന്‍ അനുവദിക്കുന്നു. ചെയര്‍പേഴ്സണെ നീക്കം ചെയ്യുന്ന നടപടിക്രമങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന 2013 ലെ വ്യവസ്ഥയും പുതിയ ബില്ല് ഇല്ലാതാക്കിയിട്ടുണ്ട്. പുതിയ ബില്ല് പ്രകാരം വഖഫ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുസ്ലീമായിരിക്കണമെന്ന നിബന്ധനയുമില്ല. ഇതെല്ലാം 2013ലെ ബില്ല് കാരണം പുതിയതായി ചേര്‍ത്തതാണെന്നാണ് ആകെ മൊത്തത്തില്‍ ബിജെപി പറഞ്ഞുവെയ്ക്കാന്‍ ശ്രമിക്കുന്നത്.