നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ജലദോഷ മരുന്നുകളുമായി ബന്ധപ്പെട്ട് കര്‍ശന നിര്‍ദ്ദേശം നല്‍കി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. ജലദോഷ മരുന്നുകളുടെ സംയുക്തങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അംഗീകൃതമല്ലാത്ത മരുന്നുകളുടെ സംയുക്തങ്ങള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷന്‍ എന്നറിയപ്പെടുന്ന സംയുക്തങ്ങള്‍ നാല് വയസിന് താഴെയുള്ള കുട്ടികള്‍ക്കുള്ള സിറപ്പുകളില്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഉത്പന്നങ്ങളില്‍ ലേബല്‍ ചെയ്യാനും നിര്‍ദ്ദേശമുണ്ട്. ക്ലോര്‍ഫെനിരാമൈന്‍, മാലിയേറ്റ്, ഫിനൈലിഫ്രിന്‍ എന്നിവയാണ് ജലദോഷത്തിനുള്ള മരുന്നുകളില്‍ ഉപയോഗിക്കുന്ന ഫിക്‌സഡ് ഡ്രഗ് കോമ്പിനേഷന്‍. ഇത് നാല് വയസിന് താഴെയുള്ള കുട്ടികളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.
Read more
2019 മുതല്‍ രാജ്യത്ത് നിര്‍മ്മിക്കുന്ന സിറപ്പുകളില്‍ അപകടകാരികളായ സംയുക്തങ്ങള്‍ അടങ്ങിയിരിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഉസ്ബസ്‌ക്കിസ്ഥാന്‍, ഗാംബിയ, കാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 141 മരണങ്ങള്‍ സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരം മരുന്നുകളുടെ ഉപയോഗത്തെ തുടര്‍ന്ന് 12 കുട്ടികള്‍ മരിക്കുകയും നാല് പേര്‍ക്ക് മറ്റ് രോഗങ്ങള്‍ പിടിപെടുകയും ചെയ്തിരുന്നു.