2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള 11-ാം പട്ടിക പുറത്തിറക്കി കോൺഗ്രസ്. ആന്ധ്രപ്രദേശ് പിസിസി അധ്യക്ഷ വൈ.എസ് ശർമിള ഉൾപ്പെടെ 17 സ്ഥാനാർഥികൾ പട്ടികയിൽ ഉൾപ്പെടുന്നു. ആന്ധ്രാപ്രദേശ്, ബീഹാർ, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ പട്ടികയിലുണ്ട്.
ഒഡിഷയിൽ നിന്ന് എട്ട് പേർ, ആന്ധ്രയിൽ നിന്ന് അഞ്ച്, ബിഹാറിൽ നിന്ന് മൂന്ന്, ബംഗാളിൽ നിന്ന് ഒരാൾ എന്നിങ്ങനെ 17 പേരുടെ പട്ടികയാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. കേരളത്തിൻ്റെ ചുമതലയുണ്ടായിരുന്ന മുൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു പ്രമുഖൻ. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളേയും കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 114 സ്ഥാനാർഥികളുടെ പട്ടികയാണ് പുറത്ത് വിട്ടിട്ടുള്ളത്.
कांग्रेस अध्यक्ष श्री @kharge की अध्यक्षता में आयोजित ‘केंद्रीय चुनाव समिति’ की बैठक में लोकसभा चुनाव, 2024 के लिए कांग्रेस उम्मीदवारों के नाम की 11वीं लिस्ट। pic.twitter.com/TpMaGKiSdD
— Congress (@INCIndia) April 2, 2024
വൈഎസ് രാജശേഖര റെഡ്ഡിയുടെ തട്ടകമായിരുന്ന കടപ്പയിൽ ഇത്തവണ മത്സരിക്കുക മകൾ ശർമിളയാണ്. കടപ്പയിൽ നഷ്ടപ്പെട്ട അധികാരം തിരിച്ച് പിടിക്കുന്നതിന്റെ ഭാഗമായാണിത്. 1989 മുതൽ 1999 വരെ മണ്ഡലത്തെ പ്രതിനിധീകരിച്ചത് വൈ.എസ്.ആറായിരുന്നു. അദ്ദേഹത്തിൻ്റെ സഹോദരൻ വൈ.എസ് വിവേകാനന്ദ റെഡ്ഡിയും മണ്ഡലത്തെ പ്രതിനിധീകരിച്ചു. പിന്നീട്, നിലവിലെ ആന്ധ്ര മുഖ്യമന്ത്രിയും ശർമിളയുടെ സഹോദരനുമായ ജഗൻ മോഹന്റെ തട്ടകമായിരുന്നു കടപ്പ.
Read more
കോൺഗ്രസ് ടിക്കറ്റിലും തുടർന്ന് സ്വന്തം പാർട്ടിയായ വൈഎസ്ആർ കോൺഗ്രസിൻ്റെ സ്ഥാനാർഥിയായും ജഗൻ മണ്ഡലം പിടിച്ചടക്കി. 2014 മുതൽ ജഗന്റെ പാർട്ടിയുടെ ടിക്കറ്റിൽ ശർമിളയുടെ ബന്ധുകൂടിയായ വൈ.എസ് അവിനാശ് റെഡ്ഡിയാണ് കടപ്പയിലെ എംപി. വൈഎസ്ആർകോൺഗ്രസ് സിറ്റിങ് എംപിയായ അവിനാശ് റെഡ്ഡിയാണ് ശർമിളയുടെ പ്രധാന എതിരാളി. അതേസമയം സി.ബി സുബ്ബരാമി റെഡ്ഡിയാണ് ടിഡിപി സ്ഥാനാർഥി.