പൊന്‍തിളക്കവുമായി തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക; വിവാഹിതയാകുന്ന പെണ്‍കുട്ടിയ്ക്ക് പത്ത് ഗ്രാം സ്വര്‍ണ്ണം; സ്ത്രീകള്‍ക്ക് പ്രതിമാസം 2500രൂപ ധനസഹായം

പൊന്‍തിളക്കവുമായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക. മഹാലക്ഷ്മി ഗ്യാരന്റി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ വിവാഹിതരാകുന്ന പെണ്‍കുട്ടികളില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പത്ത് ഗ്രാം വീതം സ്വര്‍ണ്ണം, ഇത് കൂടാതെ ഒരു ലക്ഷം രൂപ ധനസഹായവും നല്‍കും.

അതേ സമയം സ്ത്രീകള്‍ക്ക് പ്രതിമാസം 2500രൂപ ധനസഹായം, 500രൂപയ്ക്ക് പാചക വാതക സിലിണ്ടര്‍, ടിഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര തുടങ്ങിയവയും ലഭ്യമാക്കുമെന്നും പ്രകടന പത്രിക സമിതി ചെയര്‍മാന്‍ ഡി ശ്രീധര്‍ബാബു അറിയിച്ചു. കോണ്‍ഗ്രസ് പ്രകടന പത്രിക വരും ദിവസങ്ങളില്‍ പുറത്തിറക്കുമെന്നും ശ്രീധര്‍ബാബു കൂട്ടിച്ചേര്‍ത്തു.

വാഗ്ദാനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും കോണ്‍ഗ്രസ് പരിഗണന നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനമാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. അധികാരത്തിലെത്തിയ ശേഷം ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി ആശയവിനിമയം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഡി ശ്രീധര്‍ബാബു പറഞ്ഞു.