ഹിന്ദുക്കൾ ഭൂരിപക്ഷമായിരിക്കുന്ന കാലത്തോളം ഇന്ത്യയിൽ രണഘടനയും സ്ത്രീകളും സുരക്ഷിതരായിരിക്കുമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി. മതേതരത്വവും മതപരമായ സഹിഷ്ണുതയുമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന പ്രമാണം. കർണാടകയിലെ കലബുറഗിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സി.ടി രവി.
‘ഹിന്ദുക്കൾ ഭൂരിപക്ഷമായി തുടരുന്ന കാലം വരെ ഇന്ത്യക്ക് ഡോ. അംബേദ്കർ എഴുതിയ ഭരണഘടനയുണ്ടാകും. തുല്യതയുണ്ടാകും. ഹിന്ദുക്കൾ ന്യൂനപക്ഷമായാൽ ഗാന്ധാരത്തിൽ (അഫ്ഗാൻ ഉൾപ്പെടുന്ന ഭൂപ്രദേശത്തെ ഹിന്ദു പുരാണത്തിൽ വിശേഷിപ്പിക്കുന്നത്) സംഭവിച്ചതെന്തോ ഇവിടെയും അത് സംഭവിക്കും’ -രവി പറഞ്ഞു. അംബേദ്കറുടെ ഭരണഘടന സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ “ഈ സത്യം” മറക്കരുതെന്നും രവി ഓർമ്മപ്പെടുത്തി.
‘സഹിഷ്ണുതയുള്ളവർ ഭൂരിപക്ഷമായിരിക്കുമ്പോൾ മാത്രമേ മതേതരത്വവും സ്ത്രീകൾക്ക് സുരക്ഷയും ഉണ്ടാവുകയുള്ളൂ. സഹിഷ്ണുതയുള്ളവർ ന്യൂനപക്ഷമായാൽ അഫ്ഗാനിലേതിന് സമാനമായ സാഹചര്യമുണ്ടാകും. അവർ ഭൂരിപക്ഷമായാൽ ശരീഅത്തിന് വേണ്ടിയാണ് സംസാരിക്കുക, അംബേദ്കർ എഴുതിയ ഭരണഘടനക്ക് വേണ്ടിയായിരിക്കില്ല’ -സി.ടി രവി പറഞ്ഞു.
Read more
പ്രീണന രാഷ്ട്രീയം ഒഴിവാക്കി കോൺഗ്രസ് വസ്തുനിഷ്ഠമായ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് സി.ടി. രവി പറഞ്ഞു. പ്രീണന രാഷ്ട്രീയം കൂടുതൽ പാകിസ്ഥാനുകളെ സൃഷ്ടിക്കും. താത്കാലികമായി അധികാരത്തിലേറാൻ അതു മതിയായേക്കും. എന്നാൽ, പാകിസ്ഥാനുകൾ സൃഷ്ടിക്കപ്പെടും. രാജ്യത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് രവി കോൺഗ്രസിനെ ഉപദേശിച്ചു.