സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തില്‍ രാജ്യം; തലസ്ഥാനത്ത് കനത്ത സുരക്ഷ

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ അവസാനവട്ട ഒരുക്കങ്ങളിലാണ് രാജ്യം. ആഘോഷത്തിന്റെ പ്രധാനവേദിയായ ചെങ്കോട്ടയും പരിസര പ്രദേശങ്ങളും ത്രിവര്‍ണ പതാകകള്‍കൊണ്ട് അലങ്കരിച്ചു. നാളെ രാവിലെ പ്രധനാമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്യും.

രാഷ്ട്രപതി ഭവന്‍, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍,പാര്‍ലമെന്റ് മന്ദിരം, ഇന്ത്യാ ഗെയ്റ്റ് ,ചെങ്കോട്ട എല്ലാം ത്രിവര്‍ണ്ണ ശോഭയില്‍ തിളങ്ങുകയാണ്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി ഏഴ് മണിക്കാണ് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം.

സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തുള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ മാത്രം 10,000 ത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചു. ഇന്നും നാളെയും രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Read more

അതേസമയം പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ഹര്‍ ഘര്‍ തിരംഗ ഇന്നും തുടരും. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മന്ത്രിമാരുള്‍പ്പെടെ എല്ലാവരും വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ പതാകകളേന്തിയുളള ജാഥകള്‍ ഇന്നും ഉണ്ടാകും. പ്രമുഖ വ്യക്തിത്വങ്ങള്‍ ഹര്‍ ഘര്‍ തിരംഗ് പ്രചാരണത്തിന്റെ ഭാഗമാകും.