മേധാ പട്കറിന് തടവുശിക്ഷ വിധിച്ച് കോടതി; വിധി 23 വര്‍ഷം മുന്‍പുള്ള കേസില്‍

പരിസ്ഥിതി-സാമൂഹ്യ പ്രവര്‍ത്തക മേധാ പട്കറിന് തടവ് ശിക്ഷ വിധിച്ച് ഡല്‍ഹി മോട്രോ പൊളിറ്റന്‍ കോടതി. ഡല്‍ഹി ലഫ് ഗവര്‍ണര്‍ വികെ സക്‌സേന നല്‍കിയ അപകീര്‍ത്തിക്കേസിലാണ് കോടതി നടപടി. 23 വര്‍ഷം മുന്‍പ് 2001ല്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി വിധി പ്രസ്താവിച്ചത്. അഞ്ച് മാസത്തെ തടവും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവുമാണ് കോടതി വിധിച്ചത്.

ഡല്‍ഹി മോട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മയാണ് ശിക്ഷ വിധിച്ചത്. കേസില്‍ അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ 30 ദിവസത്തേക്ക് കോടതി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. മേധാ പട്കറുടെ പ്രായവും ആരോഗ്യവും കണക്കിലെടുത്താണ് ഒന്നോ രണ്ടോ വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കാത്തതെന്നും കോടതി അറിയിച്ചിട്ടുണ്ട്.

Read more

വികെ സക്‌സേനയ്‌ക്കെതിരെ മേധാ പട്കര്‍ പ്രയോഗിച്ച വാക്കുകള്‍ പ്രകോപനം മാത്രമല്ല സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ സക്‌സേനയെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശ്യമുള്ളതായിരുന്നെന്നും രാഘവ് ശര്‍മ്മ പറഞ്ഞു. വികെ സക്‌സേന അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ലിബര്‍ട്ടീസിന്റെ അധ്യക്ഷനായിരുന്ന സമയത്താണ് മേധാ പട്കറിനെതിരെ കേസ് ഫയല്‍ ചെയ്തത്.