ലോക്സഭ, നിയമസഭ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തണമെന്ന ഉന്നതതല സമിതി നിര്‍ദേശം പിന്തിരിപ്പനും രാജ്യത്ത് കേന്ദ്രീകൃത ഏകാധിപത്യ രാഷ്ട്രീയ സംവിധാനം നിലവില്‍ വരാന്‍ വഴിയൊരുക്കുന്നതുമാണെന്ന് സിപിഎം പോളിറ്റ് ബ്യുറോ. ഭരണഘടനയിലും ഇതര നിയമങ്ങളിലുമായി 18 ഭേദഗതികള്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യത്തെയും അഞ്ച് വര്‍ഷത്തേയ്ക്ക് സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശത്തെയും ഇടിച്ചുതാഴ്ത്തുന്ന നീക്കമാണിത്.
സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ അധികാരം ഇത് വര്‍ധിപ്പിക്കും. 19-ാം ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളും നടത്താനായി 18ാം ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭകളുടെയും കാലാവധി ചുരുക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. 2026ല്‍ തെരഞ്ഞെടുക്കപ്പെടുന്ന ബംഗാള്‍, തമിഴ്നാട്, കേരളം, അസം നിയമസഭകളുടെ കാലാവധി പകുതിയിലേറെ ചുരുക്കപ്പെടുമെന്നാണ് ഇതിന് അര്‍ഥം.
ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് 100 ദിവസത്തിനകം പഞ്ചായത്ത്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ നടത്താനും സമിതി നിര്‍ദേശിക്കുന്നു. നിലവില്‍ തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് നിശ്ചയിക്കുന്നതും നടത്തുന്നതും സംസ്ഥാന സര്‍ക്കാരുകളാണ്. മൂന്ന് തെരഞ്ഞെടുപ്പുകള്‍ക്കും ഒരേ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നത് കൂടുതല്‍ കേന്ദ്രീകരണത്തിന് ഇടയാക്കും.
Read more
തദ്ദേശസ്ഥാപന സംവിധാനത്തിന്റെ അടിസ്ഥാന തത്വമായ അധികാര വികേന്ദ്രീകരണത്തിന് എതിരായ നീക്കമാണിത്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ ശക്തമായി രംഗത്തുവരാന്‍ ജനാധിപത്യ ബോധമുള്ള എല്ലാ സംഘടനകളോടും പൗരന്മാരോടും സിപിഎം ആഹ്വാനം ചെയ്തു.