പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: രാജ്ഘട്ടില്‍ ഡി.രാജയേയും ബിനോയ് വിശ്വത്തേയും പൊലീസ് അറസ്റ്റ് ചെയ്തു

സി.പി.ഐ എം.പിമാരായായ ഡി. രാജയേയും ബിനോയ് വിശ്വത്തേയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ രാജ്ഘട്ടില്‍ പൗരത്വഭേദഗതി നിയമത്തിനെതിരേയും ദേശീയ ജനസംഖ്യ പട്ടികക്കെതിരേയും നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇവര്‍.

“രാജ്ഘട്ടില്‍ പൗരത്വഭേദഗതി നിയമത്തിനെതിരേയും ദേശീയ ജനസംഖ്യ പട്ടികക്കെതിരേയും നടത്തുന്ന മനുഷ്യചങ്ങലയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞങ്ങള്‍. മറ്റു നേതാക്കളേയും എന്നേയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. എന്തിനാണ് അവര്‍ ഞങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് അറിയില്ല.” ഡി.രാജ പറഞ്ഞതായി എന്‍.ഐ.എ റിപ്പോര്‍ട്ട് ചെയ്യുന്നു.

“ആര്‍.എസ്.എസ് നേതാവായ നാഥുറാം വിനായക് ഗോഡ്സെ 1948 ല്‍ ഇതേദിവസമാണ് മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്നത്. ഇന്ന് 72 വര്‍ഷങ്ങള്‍ക്കിപ്പുറം ജാമിയ മിലിയയില്‍ സമാധാനപരമായി പ്രതിഷേധം നടത്തിയവര്‍ക്കെതിരെ ഒരാള്‍ വെടിവെച്ചിരിക്കുന്നു. ബി.ജെ.പി ആര്‍.എസ്.എസ് സര്‍ക്കാര്‍ വര്‍ഗീയത പ്രചരിപ്പിക്കുതിന്റെ ഫലമാണതെന്നും ഡി.രാജ പറഞ്ഞു.

ജാമിയ മിലിയ സര്‍വകലാശാലയ്ക്കു സമീപം നടന്ന പൗരത്വ ഭേദഗതി പ്രതിഷേധ മാര്‍ച്ചിനു നേരെയാണ് വെടിവെയ്പ്പുണ്ടായത്. തോക്കുമായെത്തിയ ഒരാള്‍ പ്രതിഷേധക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെയ്പില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൈയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.