വഴിയരികില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന ദലിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്‍ അറസ്റ്റില്‍

രാജ്യത്ത് വീണ്ടുമൊരു ആള്‍ക്കൂട്ട കൊലപാതകം. തമിഴ്‌നാട്ടില്‍ വഴിയരികില്‍ മലവിസര്‍ജ്ജനം നടത്താനിരുന്ന ദലിത് യുവാവിനെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ശക്തിവേല്‍ എന്ന 24കാരനാണ് ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായത്. അക്രമത്തിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് ഏഴ് പേരെ അറസ്റ്റ് ചെയ്തു.  മൂന്ന് സ്ത്രീകളടക്കം ഏഴ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ചയാണ് സംഭവം നടന്നത്. വില്ലുപുരത്തിന് സമീപം ഒരു പെട്രോള്‍ പമ്പിലാണ് ശക്തിവേല്‍ ജോലി ചെയ്തിരുന്നത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ബുധനാഴ്ച രാവിലെ വീട്ടിലെത്തിയ ശക്തിവേലിന് കൂടെ ജോലി ചെയ്യുന്നവരുടെ ഫോണ്‍ വന്നു. ചില വെരിഫിക്കേഷന് ആവശ്യത്തിന് ആധാര്‍ കാര്‍ഡും ഫോട്ടോയുമായി വരാന്‍ പറഞ്ഞു. വീട്ടില്‍ നിന്ന് 27 കിലോമീറ്റര്‍ ദൂരമേ പമ്പിലേയ്ക്കുള്ളൂ. ടൂവീലറില്‍ പെട്രോളില്ല എന്ന് വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ശക്തിവേല്‍ പറഞ്ഞിരുന്നതായി സഹോദരി തെയ് വണെ പറയുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ശക്തിവേല്‍ ഫോണ്‍ ചെയ്തുപറഞ്ഞു – പേടിച്ചത് പോലെ തന്നെ സംഭവിച്ചു, എണ്ണ തീര്‍ന്നു. വയറിന് എന്തോ അസ്വസ്ഥതയുണ്ട് എന്നും പറഞ്ഞു. കക്കൂസില്‍ പോകാന്‍ തോന്നുന്നുണ്ട് എന്നും തല്‍ക്കാലം റോഡരികില്‍ ഇരിക്കുകയാണ് എന്നും പറഞ്ഞു – തെയ് വണൈ പറയുന്നു.

പിന്നെ ശക്തിവേലിന്റെ ഫോണില്‍ നിന്ന് വന്ന കോളില്‍ മറ്റൊരു ശബ്ദമായിരുന്നു അപ്പുറത്ത് ബൂത്തൂര്‍ ഹില്‍സിലേയ്ക്ക് വരാന്‍ പറഞ്ഞു. എന്തോ കുഴപ്പമുണ്ട് എന്ന് ഉറപ്പായിരുന്നു. ഒരു ബന്ധുവിന്റെ ബൈക്കില്‍ അങ്ങോട്ടുപോയി, ആറ് മാസം പ്രായമുള്ള കുട്ടിയേയും എടുത്തുകൊണ്ട്. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ശക്തിവേലിന്റെ മൂക്കില്‍ നിന്നും വായില്‍ നിന്നും ചോര വരുന്നുണ്ടായിരുന്നു. 15-20 പേര്‍ ചുറ്റും കൂടി നിന്നിരുന്നു. ഞങ്ങള്‍ എത്തിയ ശേഷവും അവര്‍ ശക്തിവേലിനെ മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ എന്നെ ചവിട്ടി. ഞാനും കുഞ്ഞും മറഞ്ഞുവീണു. ശക്തിവേലിന് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിയെ എടുത്തുകൊണ്ട് അവിടെ നിന്ന് പോകാന്‍ ആംഗ്യം കാണിച്ചു – തെയ് വണൈ പറഞ്ഞു.

Read more

അക്രമം തുടങ്ങി രണ്ട് മണിക്കൂറോളം കഴിഞ്ഞ ശേഷമാണ് പൊലീസ് എത്തിയത്. തേവണെയും ബന്ധുവും കൂടി ശക്തിവേലിനെ ബൈക്കിലിരുത്തി അവിടെ നിന്ന് കൊണ്ടുപോയി, വീട്ടില്‍ പോയി പണമെടുത്ത് ആശുപത്രിയിലേയ്ക്ക് പോകാമെന്നാണ് കരുതിയത്. എന്നാല്‍ വീട്ടിലെത്തി ബൈക്കി നിര്‍ത്തി ഇറങ്ങിയപ്പോള്‍ ശക്തിവേല്‍ നിലത്തേയ്ക്ക് വീണു. ബോധമില്ലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോളാണ് മരിച്ചതായി അറിയുന്നത്. ഒരു സ്ത്രീയെ ശക്തിവേല്‍ തുണി പൊക്കി കാണിച്ചു എന്ന് പറഞ്ഞാണ് ആള്‍ക്കൂട്ടം അക്രമമഴിച്ചുവിട്ടത്.

ശക്തിവേല്‍ മലവിസര്‍ജ്ജനം നടത്താനിരുന്നപ്പോള്‍ അതുകണ്ട സ്ത്രീ വിചാരിച്ചത് തന്നെ നഗ്നത കാണിക്കുകയാണ് എന്നാണ്. എന്നാല്‍ ശക്തിവേല്‍ ഒരിക്കലും അങ്ങനെ ചെയ്യുന്ന ആളല്ല എന്നും ശക്തിവേലിന്റെ ജാതി മനസ്സിലാക്കിയ ശേഷമാണ് ആള്‍ക്കൂട്ടം ആക്രമിച്ചത് എന്നുമാണ് സഹോദരി പറയുന്നത്. ദലിതര്‍ക്കെതിരെ ഒബിസി സമുദായക്കാരായ വണ്ണിയര്‍ ജാതിയില്‍പ്പെട്ടവര്‍ നിരന്തരം അഴിച്ചുവിടുന്ന അക്രമങ്ങളുടെ ഭാഗമാണ് ഇതുമെന്നാണ് സൂചന. ശക്തിവേല്‍ ആക്രമിക്കപ്പെട്ട സ്ഥലം വണ്ണിയര്‍മാരുടെ സ്വാധീനമേഖലയാണ്. ശക്തിവേല്‍ ആദിദ്രാവിഡ സമുദായക്കാരനാണ്.
പട്ടികജാതി – പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമപ്രകാരവും ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ജാതിക്കൊലയാണോ നടന്നത് എന്ന് വിശദമായ അന്വേഷണത്തിന് ശേഷമേ പറയാനാകൂ എന്നാണ് പൊലീസ് പറയുന്നത്.