ഛത്തീസ്ഗഢില്‍ അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്‌കനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. റായ്ഗഡിലെ ദുമാര്‍പള്ളി ഗ്രാമത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. 50കാരനായ പഞ്ച്‌റാം സാര്‍ത്തി ആണ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നാലെ വീരേന്ദ്ര സിദാര്‍, അജയ് പ്രധാന്‍, അശോക് പ്രധാന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട പഞ്ച്‌റാം സാര്‍ത്തി വീരേന്ദ്ര സിദാറിന്റെ വീട്ടില്‍ നിന്ന് ഒരു ചാക്ക് അരി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
അര്‍ദ്ധരാത്രിയോടെ സിദാറിന്റെ വീട്ടില്‍ നിന്ന് അരി മോഷ്ടിക്കാന്‍ ശ്രമിച്ച നിലയില്‍ പഞ്ച്‌റാം സാര്‍ത്തിയെ കാണപ്പെട്ടുവെന്നും തുടര്‍ന്ന് സിദാര്‍ അയല്‍വാസികളായ അജയ്, അശോക് എന്നിവരുടെ സഹായത്തോടെ സാര്‍ത്തിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Read more
രാവിലെയോടെ വിവരം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് മരത്തില്‍ കെട്ടിയിട്ട നിലയില്‍ അബോധാവസ്ഥയിലുള്ള പഞ്ച്‌റാം സാര്‍ത്തിയെ കണ്ടെത്തുകയായിരുന്നു. സാര്‍ത്തിയെ മുളവടികള്‍ കൊണ്ട് മര്‍ദ്ദിക്കുകയും ചവിട്ടുകയും ഇടിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.