വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വിളമ്പിയ പരിപ്പ് കറിയിൽ നിന്നും ചത്ത പാറ്റയെ കണ്ടെത്തി. ഷിർദിയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ഒരു യാത്രക്കാരനാണ് ഇതിന്റെ ചിത്രങ്ങളും വിഡിയോയും അടക്കം സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചത്. സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ രംഗത്തെത്തുകയും ചെയ്തു. സംഭവം പുറത്ത് വന്നതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് ഇന്ത്യൻ റെയിൽവേയ്ക്ക് നേരെ ഉയരുന്നത്.
ഓഗസ്റ്റ് 19-നായിരുന്നു സംഭവം. പരാതിപ്പെട്ട യുവാവിനും കുടുംബത്തിനും വിളമ്പിയ പരിപ്പ് കറിയിൽ പാറ്റകളെ ചത്ത നിലയിൽ കണ്ടെത്തിയത്. തുടർന്നാണിയാൾ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോയിൽ യാത്രക്കാരൻ ഇതേക്കുറിച്ച് ഉദ്യോഗസ്ഥരോട് പരാതിപ്പെടുന്നത് കാണാം. ഇതിന് പിന്നാലെ യാത്രക്കാരൻ പരാതി നൽകി. സംഭവത്തിൻ്റെ വിശദാംശങ്ങളും പങ്കുവെച്ചിട്ടുണ്ട്. അതേസമയം തനിക്ക് വിളമ്പിയ തൈര് പുളിച്ചതാണെന്നും യാത്രക്കാരൻ പറയുന്നുണ്ട്.
Services Sainagar Shirdi . @VandeBharatExp @PMOIndia @AshwiniVaishnaw @RailMinIndia pic.twitter.com/QDVlKtJLps
— Dr Divyesh Wankhedkar (@DrDivyesh1) August 19, 2024
അതേസമയം ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ മാനേജർ സംഭവം സ്ഥിരീകരിച്ചതായും യാത്രക്കാരൻ പറഞ്ഞു. ‘സർ, താങ്കൾക്കുണ്ടായ അസൗകര്യത്തിൽ അഗാധമായി ഖേദിക്കുന്നു. വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സേവന ദാതാവിന് പിഴ ചുമത്തുകയും സേവന ദാതാവിന്‍റെ അടുക്കള യൂണിറ്റ് സമഗ്രമായി പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ടെന്നും ഐആര്‍സിടിസി അറിയിച്ചു.
അതേസമയം ജൂണിലും സമാനമായ സംഭവം ഉണ്ടായിരുന്നു. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയിൽ ദമ്പതികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് പാറ്റയെ കണ്ടെത്തിയത്. കറിയിൽ നിന്ന് ലഭിച്ച പാറ്റയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വ്യാപക വിമർശനമാണ് ഇന്ത്യൻ റെയിൽവേയ്ക്ക് നേരെ ഉയർന്നത്.