2019ലെ ജാമിയ സംഘര്‍ഷക്കേസില്‍ പ്രതിയായ ജെഎന്‍യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ കോടതി വെറുതെവിട്ടു. ഡല്‍ഹി സാകേത് കോടതിയുടേതാണ് ഉത്തരവ്. കേസില്‍ പ്രതിചേര്‍ത്ത ആസിഫ് തന്‍ഹയേയും കുറ്റമുക്തനാക്കിയിട്ടുണ്ട്. എന്നാല്‍ കോടതി വെറുതെവിട്ടുവെങ്കിലും 2020ലെ ഡല്‍ഹി കലാപക്കേസിലും പ്രതിയായ ഷര്‍ജീന്‍ ഖാന്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് 2019 ഡിസംബര്‍ 13ന് ജാമിയ യൂണിവേഴ്സിറ്റിയില്‍ സംഘര്‍ഷത്തിനിടയാക്കിയത്. 2021ല്‍ ഇവര്‍ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു. കലാപം, നിയമവിരുദ്ധമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗര്‍ പ്രദേശത്ത് സമരം ചെയ്തവര്‍ പൊതു-സ്വകാര്യ വാഹനങ്ങള്‍ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.
Read more
2019 ഡിസംബര്‍ 13ന് ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചിരുന്നു. ഡല്‍ഹി കലാപക്കേസില്‍ ഷര്‍ജീല്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. മണിപ്പൂര്‍, അസം, അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും നിരവധി കേസുകള്‍ ഷര്‍ജീല്‍ ഇമാമിന്റെ പേരില്‍ എടുത്തിട്ടുണ്ട്. ഡല്‍ഹി കലാപക്കേസില്‍ ഗൂഢാലോചന കുറ്റം ചുമത്തി ജയിലിടച്ചിരിക്കുന്ന ഷര്‍ജീന്‍ ഇമാമിന് ഈ കേസില്‍ കൂടി ജാമ്യം ലഭിച്ചാലെ പുറത്തിറങ്ങാന്‍ കഴിയൂ.