ഡല്‍ഹി ഹനുമാന്‍ ജയന്തി സംഘര്‍ഷം; 20 പേര്‍ അറസ്റ്റില്‍

ഡല്‍ഹി ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ നിന്ന് മൂന്ന് നാടന്‍ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനാണ്. കേസില്‍ അറസ്റ്റ് തുടരുകയാണ്. ശോഭാ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് എഫ് ഐആറില്‍ പറയുന്നത്. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗുഢാലോചനയുണ്ട്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രത തുടരുകയാണ്. ജഹാംഗീര്‍പൂരിയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹി പൊലീസിനെ കൂടാതെ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. വടക്ക് പടിഞ്ഞാറാന്‍ ഡിസിപിയുടെ നേതൃത്വത്തില്‍ കൂടിയ സമാധാന യോഗത്തില്‍ ഇരുവിഭാഗങ്ങളും സമാധാനം പാലിക്കണമെന്നും നിഷ്പക്ഷ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും പരിശോധിച്ച് കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ മറ്റ് ഇടങ്ങളില്‍ നടത്താനിരുന്ന ശോഭായാത്രകള്‍ക്ക് പൊലീസ് അനുമതി നിഷേധിച്ചു. ഡല്‍ഹിക്ക് പുറമേ യുപിയിലും ഹരിയാനയിലും പൊലീസ് കനത്ത ജാഗ്രതയിലാണ്.