ഷഹീൻബാ​ഗിൽ സമരക്കാരെ ഒഴിപ്പിച്ചു; കർഫ്യൂ നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് പൊലീസ്

ഡൽഹിയിലെ ഷഹിൻ ബാ​ഗിൽ പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ മാസങ്ങളോളം തുടർന്നു പോന്ന സമരം ഒഴിപ്പിച്ചു. കോവിഡ് പ്രതിരോധ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരക്കാരെ നീക്കിയത്. കർഫ്യൂ നിലനിൽക്കുന്നതിനാൽ ആൾക്കൂട്ടം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ 101 ദിവസം നീണ്ടുനിന്ന സമരമാണ് കോവിഡ് ഭീതിയെ തുടർന്ന് ഒഴിപ്പിച്ചത്.

ഇന്ന് രാവിലെയാണ് ഷഹീൻബാ​ഗിൽ നിന്ന് സമരക്കാരെ നീക്കിയത്. സമരക്കാരെ അനുനയിപ്പിച്ച് പിരിച്ചുവിടാൻ പൊലീസ് ശ്രമങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ അടക്കമുള്ള സമരക്കാരിൽ പലരും ഷഹീൻബാ​ഗ് വിടാൻ തയാറായിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. ഡൽഹി മുഖ്യമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഷഹീൻബാ​ഗ് ഒഴിപ്പിച്ചത്. ‌‌

തലസ്ഥാനത്ത് 30 പേർക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെയാണ് പൊതു ​ഗതാ​ഗതം നിർത്തലാക്കുകയും  അതിർത്തി അടക്കുകയും ചെയ്തത്.