ഹൈദരാബാദില്‍ വീണ്ടും ദുരഭിമാനക്കൊല. അന്യമതത്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെയാണ് യുവതിയുടെ വീട്ടുകാര്‍ യുവാവിനെ കൊലപ്പെടുത്തിയത്. രംഗറെഡ്ഡി ജില്ലയിലെ മാര്‍പള്ളി സ്വദേശിയായ വില്ലുപുരം നാഗരാജ് എന്ന 25 വയസുകാരനാണ് മരിച്ചത്. സംഊവത്തില്‍ യുവതിയുടെ രണ്ട് ബന്ധുക്കള്‍ പിടിയിലായിട്ടുണ്ട്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ സരൂര്‍നഗറില്‍വച്ച് ഇരുവരും ബൈക്കില്‍ പോകവെയാണ് ആക്രമണം ഉണ്ടായത്. തഹസില്‍ദാര്‍ ഓഫീസിനടുത്ത് വച്ച് അജ്ഞാതര്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം. ആക്രമണത്തില്‍ യുവതിയ്ക്കും പരിക്കേറ്റു. നാട്ടുകാര്‍ പ്രതികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സംഘം കടന്നുകളഞ്ഞു. നാഗരാജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തലയ്ക്കാണ് വെട്ടേറ്റത്.
രണ്ട് മാസം മുമ്പാണ് നാഗരാജും സുല്‍ത്താനയും തമ്മിലുള്ള വിവാഹം നടന്നത്. കോളജ് കാലം മുതല്‍ ഇരുവരും പ്രണയത്തിലായിരുന്നു. വ്യത്യസ്ത മതങ്ങളില്‍ പെട്ടവരായതിനാല്‍ യുവതിയുടെ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തിരുന്നു. രണ്ട് മാസം മുമ്പ് ഓള്‍ഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
വിവാഹത്തിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ നാഗരാജിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സുല്‍ത്താനയുടെ സഹോദരനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ്് ആരോപണം.
സംഭവത്തില്‍ സരൂര്‍നഗര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരഭിമാനക്കൊലയാണെന്നും യുവതിയുടെ കുടുംബാംഗങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ശ്രീധര്‍ റെഡ്ഡി പറഞ്ഞു. ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
Read more
പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുമ്പില്‍ നാഗരാജിന്റെ ബന്ധുക്കള്‍ പ്രതിഷേധം നടത്തി. കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും പ്രതിഷേധ പ്രകടനം നടത്തി.