ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ല; പ്രീതി അദാനിക്ക് രാജ്യസഭാ സീറ്റ് നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ തള്ളി അദാനി ഗ്രൂപ്പ്

ആന്ധ്രയില്‍ പ്രീതി അദാനിക്ക് രാജ്യസഭാ സീറ്റ് നല്‍കിയേക്കുമെന്ന വാര്‍ത്ത തള്ളി അദാനി ഗ്രൂപ്പ്. രാജ്യസഭാ സീറ്റ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഗൗതം അദാനിയും പ്രീതി അദാനിയും ഉള്‍പ്പെടെ അദാനി ഗ്രൂപ്പിലെ ആരും രാഷ്ട്രീയം പ്രവേശനം താല്‍പ്പര്യപെടുന്നില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ഒഴിവ് വരുന്ന നാല് സീറ്റുകളില്‍ ഒരെണ്ണം പ്രീതി അദാനിക്ക് നല്‍കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്നാണ് വാര്‍ത്താ കുറിപ്പുമായി അദാനി ഗ്രൂപ്പ് രംഗത്തെത്തിയത്. ആന്ധ്രയിലെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുമായി വളരെ അടുപ്പം പുലര്‍ത്തുന്ന അദാനി ഗ്രൂപ്പ് സംസ്ഥാനത്ത് നിരവധി പദ്ധതികള്‍ നേരത്തെ ഏറ്റെടുത്ത് നടത്തിയിരുന്നു.

Read more

ആന്ധ്രയിലെ പ്രമുഖ വ്യവസായി സുനില്‍ ഷെട്ടിക്ക് രാജ്യസഭാ സീറ്റ് നല്‍കാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റ് മൂന്ന് സീറ്റുകളിലേക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിജയ് സായ് റെഡ്ഡി, മുന്‍ കേന്ദ്രമന്ത്രിമാരായ കില്ലി കൃപാറാണി, ബീദ മസ്താന്‍ റാവു എന്നിവരാണ് പരിഗണനയിലുള്ളത്.