തമിഴ്നാട്ടില്‍ സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യത്തില്‍ ആര്‍എന്‍ രവിയെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് പരിഹസിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. ലോക്സഭ തിരഞ്ഞെടുപ്പ് വരെ ഗവര്‍ണറെ തുടരാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോടും ആവശ്യപ്പെടുന്നതായി എംകെ സ്റ്റാലിന് പരിഹസിച്ചു.
ബംഗ്ലാവുകളില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ദ്രാവിഡം എന്താണെന്ന് ചോദിക്കുന്നുവെന്നും അത്തരത്തില്‍ ആവര്‍ത്തിച്ച് ചോദിക്കുന്ന വ്യക്തി ആ സ്ഥാനത്ത് തുടരട്ടെയെന്നും എംകെ സ്റ്റാലിന് പറഞ്ഞു. അത് തങ്ങളുടെ പ്രചരണത്തിന് ശക്തി പകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്ഭവന് നേരെ ബോംബേറുണ്ടായതില്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തില്ലെന്ന് കഴിഞ്ഞ ദിവസം രാജ്ഭവന് ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
രണ്ട് ദിവസങ്ങളായി ഗവര്‍ണര്‍ കള്ളം പറയുന്നുവെന്നും എംകെ സ്റ്റാലിന് ആരോപിച്ചു. ബോംബേറുണ്ടായ സംഭവത്തില്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തില്ലെന്നും സംഭവത്തെ ലഘൂകരിച്ച് കാണാനാണ് ശ്രമമെന്നും ആരോപിച്ച ഗവര്‍ണര്‍ ഒന്നില്‍ കൂടുതല്‍ പേര് ചേര്‍ന്നാണ് ബോംബേറ് നടത്തിയതെന്നും പറഞ്ഞിരുന്നു.
Read more
അതേ സമയം രാജ്ഭവന് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ചെന്നൈ പൊലീസ് പുറത്ത് വിട്ടു. ദൃശ്യങ്ങളില്‍ നിന്ന് കറുക വിനോദ് മാത്രമാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായതായി ചെന്നൈ പൊലീസ് കമ്മീഷണറും ഡിജിപിയും മാധ്യമങ്ങളെ അറിയിച്ചിരുന്നു.