ദൈവമായി സ്വയം പ്രഖ്യാപിക്കരുത്, ജനങ്ങളാണ് തീരുമാനിക്കേണ്ടത്; മോദിയുടെ 'ദൈവം' പരാമര്‍ശത്തിന് മോഹന്‍ ഭാഗവതിന്റെ പരോക്ഷ മറുപടി

ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്നെ ദൈവം നേരിട്ട് അയച്ചതാണെന്ന പ്രസംഗത്തെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ദൈവമായി സ്വയം പ്രഖ്യാപിക്കരുതെന്നും ദൈവമാകണോ വേണ്ടയോ എന്ന് തീരുമാനിക്കുക ജനങ്ങളാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

ശാന്തരായിരിക്കുന്നതിന് പകരം മിന്നല്‍ പോലെ തിളങ്ങണം എന്നാണ് ചിലരുടെ വിചാരം. മിന്നല്‍ പ്രകാശിച്ച ശേഷം മുന്‍പത്തേക്കാള്‍ ഇരുട്ടാകും അതിനാല്‍ പ്രവര്‍ത്തകര്‍ ചിരാത് പോലെ കത്തുകയും ആവശ്യമുള്ളപ്പോള്‍ തിളങ്ങുകയും വേണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. പൂനെയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു മോഹന്‍ ഭാഗവത് പ്രധാനമന്ത്രിയ്ക്ക് പരോക്ഷമായി മറുപടി നല്‍കിയത്.

പൂനെയില്‍ നടന്ന ശങ്കര്‍ ദിന്‍കര്‍ കാനെ അനുസ്മരണ വേദിയിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. ശങ്കര്‍ ദിന്‍കര്‍ കാനെ പ്രവര്‍ത്തന മേഖല മണിപ്പൂരിലായിരുന്നു. അക്കാലത്ത് പുറമേ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്നപ്പോള്‍ അക്രമം തുടര്‍ന്നതായും എന്നാല്‍ പ്രവര്‍ത്തകര്‍ ശാന്തരായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്നതായും മോഹന്‍ ഭാഗവത് ഓര്‍മ്മിപ്പിച്ചു.