കോവാക്‌സിന് ഫലപ്രാപ്തി 50 ശതമാനം മാത്രം; ലാന്‍സെറ്റ് പഠനം

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനായ കോവാക്‌സിന് 50 ശതമാനം ഫലപ്രാപ്തിയുള്ളുവെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരണം. രോഗലക്ഷണങ്ങളുള്ള കോവിഡിനെതിരെ 50 ശതമാനം സംരക്ഷണം മാത്രമേ കോവാക്‌സിന്‍ നല്‍കുന്നുള്ളൂ എന്നാണ് പഠനം. ഈ മാസം ആദ്യം പുറത്ത് വിട്ട പഠനത്തില്‍ കോവാക്‌സിന് 77 ശതമാനം ഫലപ്രാപ്തി ഉണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. അവസാനഘട്ട പഠനം പൂര്‍ത്തിയായതോടെയാണ് 50 ശതമാനം മാത്രമുള്ളു എന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനമാവാം വാക്‌സിന്റെ ഫലപ്രാപ്തി കുറയാന്‍ കാരണമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഭാരത് ബയോടെക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും ഐസിഎംആര്‍ സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്. കോവാക്‌സിന് ഈ മാസം ആദ്യം ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിരുന്നു. ഡല്‍ഹി എയിംസില്‍ ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ രോഗലക്ഷണങ്ങളുള്ള 2,714 ആശുപത്രി ജീവനക്കാരെ വച്ച് നടത്തി പഠനം നടത്തിയിരുന്നു. ഡെല്‍റ്റ കേസുകള്‍ കൂടുതല്‍ ഉള്ള സമയത്തായിരുന്നു പഠനം നടത്തിയത്.

ഈ പഠനത്തിലാണ്, കോവാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുളള കണ്ടെത്തല്‍. രോഗലക്ഷണങ്ങളുണ്ടായിരുന്ന ഇവരില്‍ 80 ശതമാനം പേര്‍ക്കും ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്. വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ എയിംസിലെ ജീവനക്കാര്‍ക്ക് കോവാക്‌സിന്‍ ഷോട്ടുകള്‍ നല്‍കിയിരുന്നു. ഡെല്‍റ്റ വകഭേദത്തിനെതിരെ മിക്കവാറും എല്ലാ കോവിഡ് വാക്സിനുകള്‍ക്കും ഫലപ്രാപ്തി കുറവാണെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയില്‍ ഇതുവരെ 130 ദശലക്ഷത്തിലധികം കോവാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

Read more

ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര പാനലും കോവാക്‌സിന് അടിയന്തര അനുമതി നല്‍കുന്നതിന് മാസങ്ങള്‍ സമയമെടുത്തിരുന്നു. കോവാക്‌സിനെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ വാക്സിന്റെ പ്രതിച്ഛായ കെടുത്തിയെന്നും, ഇത് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കാന്‍ വൈകുന്നതിന് കാരണമായെന്നും ഭാരത് ബയോടെക്കിന്റെ ചെയര്‍മാന്‍ കൃഷ്ണ എല്ല പറഞ്ഞിരുന്നു.