ആര്യൻ കേസിൽ പതിനെട്ട് കോടിയുടെ കൈക്കൂലി ഇടപാട്, എട്ടു കോടി വാങ്കഡെയ്ക്ക്; ആരോപണവുമായി സാക്ഷി

ആര്യന്‍ഖാന്‍ പ്രതിയായ മയക്കുമരുന്നു കേസില്‍ സുപ്രധാന വഴിത്തിരിവ്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെ, കേസിലെ സാക്ഷിയായ കെ പി ഗോസാവി എന്നിവര്‍ തമ്മില്‍ ഗൂഢാലോചന നടത്തിയെന്നും പണം കൈമാറിയെന്നും വെളിപ്പെടുത്തല്‍. പ്രൈവറ്റ് ഡിക്ടടീവ് എന്നറിയപ്പെടുന്ന ഗോസാവി നേരത്തെ ആര്യനൊപ്പം സെല്‍ഫി എടുത്തത് വിവാദമായിരുന്നു.

എന്നാല്‍ ഈ ആരോപണത്തെ സമീര്‍ വാങ്കഡെയും, നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയും നിഷേധിച്ചു. പ്രഭാകര്‍ സെയില്‍ എന്ന സാക്ഷിയാണ് ആരോപണമുയര്‍ത്തിയത്. ഗോസവിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് താനെന്നാണ് പ്രഭാകര്‍ സെയിലിന്റെ വാദം. സാം ഡിസൂസ എന്നയാളും ഗോസവിയും തമ്മില്‍ പതിനെട്ടുകോടി രൂപ കൈമാറുന്നത് താന്‍ കേട്ടുവെന്നും ഇതില്‍ എട്ടുകോടി രൂപ വാങ്കഡെയ്ക്ക് കൈമാറിയെന്നുമാണ് സത്യവാങ്മൂലത്തില്‍ സെയില്‍ പറയുന്നത്.

പ്രഭാകര്‍ സെയില്‍ ഞായറാഴ്ച ഫയല്‍ചെയ്ത സത്യവാങ്മൂലത്തിലാണ് എന്‍.സി.ബിക്കെതിരായ വെളിപ്പെടുത്തലുകള്‍ വിശദീകരിച്ചിരിക്കുന്നത്.
ഗോസാവിയെ കാണാതായതിന് പിന്നാലെ സമീര്‍ വാംഖഡെയില്‍നിന്ന് തന്റെ ജീവനും ഭീഷണിയുണ്ടെന്നാണ് പ്രഭാകറിന്റെ വാദം. മാത്രമല്ല, ആഡംബര കപ്പലില്‍ റെയ്ഡ് നടന്ന ദിവസം നാടകീയ രംഗങ്ങള്‍ക്കാണ് താന്‍ സാക്ഷ്യംവഹിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

ഗോസാവിക്കൊപ്പമാണ് റെയ്ഡ് നടന്ന ദിവസം താന്‍ കപ്പലില്‍ പോയത്. റെയ്ഡ് നടന്നതിന് പിന്നാലെ ചില വെള്ളക്കടലാസുകളില്‍ തന്നോട് ഒപ്പിടാന്‍ പറഞ്ഞു. എന്നാല്‍ ലഹരിമരുന്ന് പിടിച്ചെടുത്തതോ മറ്റോ താന്‍ അറിഞ്ഞിരുന്നില്ലെന്നും പ്രഭാകര്‍ വെളിപ്പെടുത്തി. റെയ്ഡിനിടെ കപ്പലില്‍നിന്നുള്ള ചില ദൃശ്യങ്ങള്‍ താന്‍ പകര്‍ത്തിയിരുന്നു. ഇതിലൊന്നില്‍ ഗോസാവി ആര്യനെ ഫോണ്‍ ചെയ്യാന്‍ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രഭാകര്‍ പറഞ്ഞു.