കോണ്‍ഗ്രസിലെ നേതൃമാറ്റം; ജി 23 നേതാക്കളുടെ ആവശ്യം നിരസിച്ച് കെ. സി വേണുഗോപാല്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏല്‍ക്കേണ്ടി വന്ന കനത്ത പരാജയത്തിന് പിന്നാലെ നേതൃമാറ്റം വേണമെന്ന ജി 23 നേതാക്കളുടെ നിര്‍ദ്ദേശം തള്ളി കോണ്‍ഗ്രസിന്റെ സംഘടനാ വിഭാഗം. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കേണ്ട സാഹചര്യമില്ല. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം തങ്ങള്‍ക്കല്ല. സംഘടനാ വിഭാഗത്തില്‍ നിന്ന് വീഴ്ച ഉണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ സ്വതന്ത്ര ചുമതല അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതികള്‍ക്കായിരുന്നു എന്നാണ് കെസി വേണുഗോപാലിന്റെ അധ്യക്ഷതയിലുള്ള കോണ്‍ഗ്രസ് സംഘടനാ വിഭാഗം പറയുന്നത്.

താന്‍ രാജിവെക്കണമെന്ന ആവശ്യം  കെസി വേണുഗോപാല്‍ നിരസിച്ചു. ഇക്കാര്യത്തില്‍ തന്റെ രാജി ആവശ്യമില്ലാത്തതാണെന്ന് അദ്ദേഹം സോണിയ ഗാന്ധിയെ അറിയിച്ചിരിക്കുന്നത്. തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ഗൂഢാലോചനയാണ്. ആരോപണങ്ങള്‍ വസ്തുതാപരമല്ല.എന്നും  പറഞ്ഞു.

പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സ്ഥാനമൊഴിയുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ കോണ്‍ഗ്രസ് നിഷേധിച്ചിരുന്നു. വാര്‍ത്ത തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞിരുന്നു. ബിജെപി ഭരിക്കുന്ന സാഹചര്യത്തില്‍ സാങ്കല്‍പ്പിക സ്രോതസ്സുകളില്‍ നിന്ന് പുറത്തുവരുന്ന ഇത്തരം തെളിവില്ലാത്ത പ്രചരണ കഥകള്‍ നല്‍കുന്നത് അന്യായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.