സംസ്ഥാന തിരഞ്ഞെടുപ്പ്: ആന്ധ്രയിലും ഒഡീഷയിലും വന്‍ ഭൂരിപക്ഷത്തോടെ എന്‍ഡിഎ; ജഗനും നവീന്‍ പട്‌നായിക്കിനും വന്‍ തിരിച്ചടി; ഒരു സീറ്റില്‍ സിപിഎം മുന്നില്‍

ലോകസഭ തിരഞ്ഞെടുപ്പിനൊപ്പം നടന്ന ആന്ധ്രപ്രദേശിലും ഒഡീഷയിലും എന്‍ഡിഎ സര്‍ക്കാര്‍. ആന്ധ്രപ്രദേശില്‍ വന്‍ തിരിച്ചടിയാണ് ജഗന്‍മോഹന്‍ റെഡിക്ക് നേരിട്ടത്. ബിജെപി ടിഡിപി സംഖ്യം 149 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. ടിഡിപി 125 സീറ്റുകളിലും ബിജെപി ഏഴ് സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നത്. പവന്‍ കല്യാണ്‍ നേതൃത്വം നല്‍കുന്ന ജന്‍സേന പാര്‍ട്ടി 17 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. ജഗന്റെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍സിപി 20 സീറ്റുകളില്‍ മാത്രമെ മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചുള്ളൂ.

ഒഡീഷയിലെ 147 മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 72 സീറ്റിലും നവീന്‍ പട്‌നായിക്കിന്റെ ബിജെഡി 49 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ട് നില്‍ക്കാനാകുന്നത്. കോണ്‍ഗ്രസിന് 13 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കാന്‍ സാധിക്കുന്നുണ്ട്. ഒഡീഷയില്‍ ഒരു സീറ്റില്‍ സിപിഎം ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം, ലോകസഭ തിരഞ്ഞെടുപ്പില്‍ 290 സീറ്റുകളില ബിജെപി മുന്നിട്ട് നില്‍ക്കുകയാണ്. 230 സീറ്റുകളില്‍ ഇന്ത്യ മുന്നണി തൊട്ടു പിന്നാലെയുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ 100 സീറ്റുകളില്‍ ലീഡ് ചെയ്ത് കോണ്‍ഗ്രസ്. 2014നു ശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് 100 സീറ്റുകളില്‍ ലീഡ് ചെയ്യുന്നത്. ഇന്ത്യ മുന്നണിയും വലിയ മത്സരമാണ് കാഴ്ചവെക്കുന്നത്.

ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, പിന്നീട് ഇന്ത്യാ സഖ്യം ശക്തമായി തിരിച്ചുവന്നു. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എന്‍ഡിഎ മുന്നില്‍ കയറി. നിലവില്‍ എന്‍ഡിഎ മുന്നൂറോളം സീറ്റുകളില്‍ മുന്നിലാണ്.