ഹെല്‍മെറ്റ് വെക്കാത്തതിന് ഫൈനടിച്ചു; വൈദ്യുതിവകുപ്പു ജീവനക്കാരന്‍ പോലീസ് സ്റ്റേഷനിലെ 'ഫ്യൂസ് ഊരി' പ്രതികാരം വീട്ടി

ലക്‌നൗവില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് ഫൈനടിച്ച പോലീസിനോട്”പ്രതികാരം” ചെയ്ത് വൈദ്യുതി വകുപ്പു ജീവനക്കാരന്‍. കാലങ്ങളായി വൈദ്യുതി ബില്‍ അടയ്ക്കാറില്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് പോലീസ് സ്റ്റേഷനിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. ലായിന്‍പര്‍ പോലീസ് സ്റ്റേഷനിലെ വൈദ്യുതിബന്ധമാണ് വിച്ഛേദിക്കപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശ്രീനിവാസ് എന്നാണ് വൈദ്യുതിവകുപ്പ് ജീവനക്കാരന്റെ പേര്.

സംഭവത്തെ കുറിച്ച് ശ്രീനിവാസിന്റെ ഭാഷ്യം ഇങ്ങനെ. ബഡി ചപേടിയിലെ തകരാറുകള്‍ പരിഹരിച്ചതിനു ശേഷം മോട്ടോര്‍ സൈക്കിളില്‍ ലേബര്‍ കോളനിയിലെ പവര്‍ സ്റ്റേഷനിലേക്കു മടങ്ങുകയായിരുന്നു താന്‍. അപ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ രമേഷ് ചന്ദ്ര തന്നെ തടഞ്ഞുനിര്‍ത്തുകയും ഹെല്‍മറ്റ് ധരിക്കാത്തതിന് 500 രൂപ ഫൈനടിക്കുകയും ചെയ്തു. ജൂനിയര്‍ എന്‍ജിനീയറെ കൊണ്ട് ഫോണില്‍ സംസാരിപ്പിച്ചെങ്കിലും എസ് ഐ വഴങ്ങിയില്ല.

മറ്റു പോലീസുകാരോടൊപ്പം ചേര്‍ന്ന് ഗതാഗത നിയമം ലംഘിക്കുന്നതിന്റെ പ്രത്യാഘാതത്തെ കുറിച്ച് വിശദീകരിക്കുകയായിരുന്നു എസ് ഐ ചെയ്തതെന്നും ശ്രീനിവാസ് പറഞ്ഞു. തുടര്‍ന്ന് വൈദ്യുതി ബില്‍ കൃത്യമായി അടയ്ക്കാത്തതുമായി ബന്ധപ്പെട്ട നിയമങ്ങളും പിഴയെയും കുറിച്ച് ശ്രീനിവാസും പോലീസുകാരോടും പറഞ്ഞു. 6.62 ലക്ഷം രൂപയുടെ ബില്ലാണ് ലായിന്‍പുര്‍ സ്റ്റേഷന്‍ അടയ്ക്കാനുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു- ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച വൈകിട്ട് നാലര മുതല്‍ നാലുമണിക്കൂറാണ് പോലീസ് സ്റ്റേഷന് വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്നത്.

“ബില്ലടയ്ക്കേണ്ട കാര്യം ഓര്‍മിപ്പിച്ചു കൊണ്ട് പലവട്ടം പോലീസ് സ്റ്റേഷന് നോട്ടീസ് അയച്ചു. ബുധനാഴ്ച, ലായിന്‍പുര്‍ സ്റ്റേഷന്‍ അടയ്ക്കാനുള്ള തുക ഞങ്ങള്‍ വീണ്ടും പരിശോധിച്ചു. ഏഴുലക്ഷം രൂപ അടയ്ക്കാനുണ്ടെന്ന് കണ്ടെത്തി. 2016 മുതല്‍ ഒരു പൈസ പോലും സ്റ്റേഷന്‍ അടച്ചിരുന്നില്ല”. ഫിറോസാബാദ് ഡി വി വി എന്‍ എല്‍ (ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡ്) സബ് ഡിവിഷണല്‍ ഓഫീസര്‍ രണ്‍വീര്‍ സിങ് പറഞ്ഞു. പോലീസ് 500 രൂപ ഫൈനടിച്ചതില്‍ ശ്രീനിവാസനും മറ്റ് ജീവനക്കാര്‍ക്കും ദേഷ്യമുണ്ടായി. കഴിഞ്ഞ നാലുമാസമായി അവര്‍ക്ക് ശമ്പളം കിട്ടിയിട്ടില്ല. 500 രൂപ ഫൈന്‍ അടയ്ക്കാനുള്ള ബുദ്ധിമുട്ട് ശ്രീനിവാസ് വ്യക്തമാക്കുകയും ചെയ്തിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച രാത്രി തന്നെ പ്രശ്നപരിഹാരത്തിനായി പോലീസ് തങ്ങളെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

Read more

അതേസമയം ഫിറോസാബാദിലെ എല്ലാ ഓഫീസുകളുടെയും പോലീസ് സ്റ്റേഷനുകളുടെയും വൈദ്യുതി ബില്ലിനത്തില്‍ ഡി വി വി എന്‍ എല്ലിന് ഇതിനോടകം തന്നെ 1.15 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും ബാക്കി തുകയേ കൊടുക്കാനുള്ളുവെന്നും പോലീസ് അധികൃതര്‍ അറിയിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാരന്റെ നടപടി അനാവശ്യമായിരുന്നെന്നും അവര്‍ പറഞ്ഞു.