പുൽവാമയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തെരച്ചിൽ തുടരുന്നു

ജമ്മു കാശ്മീരിലെ പുൽവാമയിലെ നിഹാമ മേഖലയിൽ പൊലീസും സൈന്യവുമടങ്ങുന്ന സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. തെക്കൻ കാശ്‌മീരിലെ നിഹാമ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യവും പൊലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചത്. ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു.

കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്ന് ‘കാശ്‌മീർ സോൺ പൊലീസ്’ സമൂഹമാദ്ധ്യമമായ എക്‌സിലൂടെ അറിയിച്ചു. സേനയുടെ തെരച്ചിലിനിടെ ഭീകരർ ഇവ‌ർക്കുനേരെ വെടിവയ്‌ക്കുകയായിരുന്നു. തുട‌ർന്ന് സൈന്യവും പൊലീസും ശക്തമായി തിരിച്ചടിച്ചു. മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

കഴിഞ്ഞ മാസം പുൽവാമ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. ഡാനിഷ് ഐജാസ് ഷേഖ്(34) ആണ് മരിച്ചത്. ശ്രീനഗറിലെ അഹ്‌മദ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അൽനൂർ കോളനി നിവാസിയായിരുന്നു ഇയാൾ.ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലും മുൻപ് ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. റെഡ്വാനി പയീൻ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ.