പ്രണയം നിങ്ങളെ നിങ്ങളല്ലാതാക്കും. എന്തും ചെയ്യിക്കും. വെറുതെയെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ഇപ്പോ ബിഹാറിൽ നിന്ന് പുറത്തുവരുന്ന ഒരു വാർത്ത ഈ പറച്ചിലുകളെല്ലാം സത്യമാണെന്ന് തെളിയിക്കുന്നതാണ്. ഈ പ്രണയകഥയിലെ നായകൻ നിസാരക്കാരനല്ല. ഐഐടിയിൽ പഠിച്ചിറങ്ങി ദുബായിലെ ഐടി കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുകയായിരുന്നു യുവാവ്.
തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശി ഹേമന്ത് രഘുകുമാറിന്റെ ജീവിതമാണ് സിനിമയെ വെല്ലുന്ന കഥയായി മാറിയത്. ഒരു സ്ത്രീയിൽ നിന്ന് 2.2 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഇയാളെ കഴിഞ്ഞയാഴ്ച ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നു കൂട്ടാളികളോടൊപ്പമാണ് ഇയാൾ പിടിയിലായത്. ഇവരിൽനിന്നു പണവും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച രണ്ടു ബൈക്കുകളും പിടിച്ചെടുത്തു.
പിന്നീട് നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാൾ ജീവിതകഥ വെളിപ്പെടുത്തിയത്. ദുബായിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുകയായരികുന്നു ഹേമന്ത്. അവിടെവെച്ച് നൈറ്റ്ക്ലബ്ബിൽ ഡാൻസറായ ബിഹാർ സ്വദേശിനിയെ കണ്ടുമുട്ടി. പിന്നീട് ഇവർ പ്രണയത്തിലാകുകയായിരുന്നു. നൈറ്റ്ക്ലബ്ബിലെ ജോലി ഉപേക്ഷിക്കുവാനും ഒരുമിച്ച് ബിഹാറിലേക്ക് പോകുവാനും തീരുമാനിച്ചു.
Read more
ഒരുവർഷം മുൻപാണ് ഇരുവരും ബിഹാറിലെ മുസാഫർപൂരിലെത്തിയത്. 15 വർഷം ഇയാൾ ദുബായിൽ ജോലി ചെയ്തിരുന്നു. കൈയിലെ സമ്പാദ്യം മുഴുവൻ ഹേമന്ത് കാമുകിക്കായി ചെലവഴിച്ചു. പിന്നീട് പണത്തിനായി കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയായിരുന്നു. പ്രദേശത്തെ കുറ്റവാളികളുമായി കൂട്ടുകൂടി മോഷണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു ഇയാൾ.