21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചു, മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ; വിവരം മറച്ചുവെച്ച ഹെഡ്മാസ്റ്ററിന് 20 വർഷം കഠിന തടവ്

അരുണാചല്‍ പ്രദേശില്‍ 21 വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ. ഷിയോമി ജില്ലയിലെ ഒരു സർക്കാർ റസിഡൻഷ്യൽ സ്‌കൂളില്‍ ഹോസ്റ്റല്‍ വാര്‍ഡനായിരുന്ന യംകെൻ ബഗ്രയെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. 15 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 21 വിദ്യാര്‍ഥികളെയാണ് ഇയാൾ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

6 മുതൽ 12 വയസ് വരെയുള്ള 15 പെൺകുട്ടികളെയും ആറ് ആണ്‍കുട്ടികളെയും 1-5 ക്ലാസില്‍ നിന്നുള്ള കുട്ടികളെയുമാണ് ബാഗ്ര പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തത്. ബഗ്ര വാർഡനായിരിക്കെ 2019നും 2022നും ഇടയിൽ നടന്ന ലൈംഗികാതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് സ്‌കൂളിലെ മുൻ ഹിന്ദി അധ്യാപകൻ മാർബോം എൻഗോംദിർ, മുൻ സ്‌കൂൾ ഹെഡ്മാസ്റ്റർ സിംഗ്തുങ് യോർപെൻ എന്നിവരെയും കോടതി ശിക്ഷിച്ചു. ഇരുവര്‍ക്കും 20 വർഷത്തെ കഠിന തടവാണ് വിധിച്ചത്. ഇരകളിൽ പലരും ഹെഡ്മാസ്റ്ററിനോട് പരാതിപ്പെട്ടെങ്കിലും സ്‌കൂളിന്റെ പ്രശസ്തി സംരക്ഷിക്കാൻ ഹെഡ്മാസ്റ്റർ വിവരം മറച്ചുവെച്ചു.

അരുണാചൽ പ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക സംഘമാണ് (എസ്ഐടി) അന്വേഷണം നടത്തിയത്. പീഡനത്തിനിരയായ രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ 2022 നവംബറില്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അരുണാചൽ പ്രദേശ് വിമൻസ് വെൽഫെയർ സൊസൈറ്റി ഉൾപ്പെടെയുള്ള സിവിൽ സൊസൈറ്റി സംഘടനകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.

Read more