"500 വർഷത്തിനുശേഷം ഏത് പുരാവസ്തു ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ തീരുമാനിക്കാൻ കഴിയുക?" അയോദ്ധ്യ വിധിയിൽ സംശയം ഉന്നയിച്ച്‌ മുൻ സുപ്രീം കോടതി ജഡ്ജി

രാഷ്ട്രീയമായി സംവേദനക്ഷമതയുള്ള അയോദ്ധ്യ ഭൂമി തർക്ക കേസിലെ സുപ്രീം കോടതിയുടെ വിധിയിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജി അശോക് കുമാർ ഗാംഗുലി ശനിയാഴ്ച ചോദ്യങ്ങൾ ഉന്നയിക്കുകയും, വിധിന്യായത്തിൽ താൻ അസ്വസ്ഥനാണെന്ന് പറയുകയും ചെയ്തു.

അയോദ്ധ്യയിലെ 2.77 ഏക്കർ തർക്ക സ്ഥലത്ത് ഒരു രാമക്ഷേത്രം പണിയാൻ സുപ്രീംകോടതിയിലെ അഞ്ച് ജഡ്ജി ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധിച്ചു. മുസ്ലീം കക്ഷിക്ക്‌ ഉത്തർപ്രദേശിലെ പുരാതന നഗരമായ അയോദ്ധ്യയിൽ അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും സുപ്രീം കോടതി സർക്കാരിനോട് ഉത്തരവിട്ടു.

“വിധിന്യായത്തിൽ ഞാൻ അൽപ്പം അസ്വസ്ഥനാണ്. ഭരണഘടന വന്നപ്പോൾ നമ്മൾ ഒരു പള്ളി കണ്ടു, പള്ളി പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുൻ വിധിന്യായത്തിൽ 500 വർഷം പഴക്കമുള്ള ഒരു പള്ളി പൊളിച്ചുമാറ്റിയതായി രേഖപ്പെടുത്തിയിട്ടുണ്ട്, ” അശോക് കുമാർ ഗാംഗുലി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

“ഭരണഘടന നിലവിൽ വന്നപ്പോൾ നിയമം വ്യത്യസ്തമായി. മതം ആചരിക്കുവാനും, പ്രസംഗിക്കുവാനും, പരസ്യമായി പ്രഖ്യാപിക്കുവാനുമുള്ള; മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം നമ്മൾ തിരിച്ചറിഞ്ഞു. എനിക്ക് ആ മൗലികാവകാശമുണ്ടെങ്കിൽ ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള അവകാശവും എനിക്കുണ്ട്. പള്ളി പൊളിച്ചുമാറ്റിയ ദിവസം ആ അവകാശവും പൊളിക്കപ്പെട്ടു, ”അദ്ദേഹം പറഞ്ഞു.

“ലാൻഡ്‌മാർക്ക് ജഡ്‌ജ്‌മെന്റുസ് ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ” എന്ന പുസ്തകം എഴുതിയ ഗാംഗുലി, ഈ ഭൂമി രാം ലല്ലയുടേതാണെന്ന് വിധിന്യായത്തിൽ പറയാൻ ജഡ്ജിമാർക്ക് എന്ത് തെളിവാണ് ലഭിച്ചതെന്ന് ചോദിച്ചു.

“പള്ളിയുടെ കീഴിൽ ഒരു ഘടനയുണ്ടെന്ന് നിങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ക്ഷേത്രത്തിന്റെ ഘടനയാണ് അതെന്ന് നിങ്ങൾ പറഞ്ഞിട്ടില്ല. ഒരു ക്ഷേത്രം തകർത്തതിനുശേഷം ഒരു പള്ളി പണിതുവെന്നതിന് തെളിവുകളൊന്നുമില്ല. 500 വർഷത്തിനുശേഷം ഏത് പുരാവസ്തു ഗവേഷണത്തിന്റെ ഉൾക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ആണ് കോടതിക്ക് ഇങ്ങനെ തീരുമാനിക്കാൻ കഴിയുക? ”പശ്ചിമ ബംഗാൾ മനുഷ്യാവകാശ കമ്മീഷന്റെ മുൻ ചെയർപേഴ്‌സൺ കൂടിയായ ഗാംഗുലി പറഞ്ഞു.

ഒരു സ്ഥലത്ത് നമാസ്(നിസ്ക്കാരം) നടത്തിയാൽ അത് ഒരു പള്ളിയായി കണക്കാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “അതിനാൽ 500 വർഷമായി അവിടെ നിൽക്കുന്ന ഒന്നിനെ ഒരു പള്ളി ആയി കണക്കാക്കുമ്പോൾ, 500 വർഷത്തിനുശേഷം അതിനെ മറ്റൊന്നായി നിങ്ങൾ എങ്ങനെ തീരുമാനിക്കും? ഏത് അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയുക? അവകാശവാദം ഉന്നയിച്ച് ഇവിടെ (കോടതിയിൽ) വന്നവരുടെ കയ്യിൽ രേഖകളുണ്ട്. പുരാവസ്തു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഉടമസ്ഥാവകാശം തീരുമാനിക്കാൻ കഴിയില്ല, ”ഗാംഗുലി പറഞ്ഞു.

“ഇന്ന് ആളുകൾ എന്ത് വിചാരിക്കും? 1992 ൽ പള്ളി പൊളിച്ചു, ഇപ്പോൾ 2019 ആണ്, 2022 ൽ അവർ സുപ്രീം കോടതിയെ വെല്ലുവിളിക്കുന്നക്കും? ഭരണഘടനാ ധാർമ്മികതയ്ക്ക് എന്ത് സംഭവിക്കും? അതാണ് എനിക്ക് അൽപ്പം അസ്വസ്ഥത തോന്നിയത്, ”2012 ൽ വിരമിച്ച ഗാംഗുലി പറഞ്ഞു.

തർക്കപ്രദേശത്തെ പള്ളിയുടെ “പുറം മുറ്റത്ത് ഹിന്ദുക്കൾ നിരന്തരമായ ആരാധന നടത്തിയിരുന്ന” തെളിവുകളെയാണ് കോടതി പ്രധാനമായും ആശ്രയിച്ചിരുന്നത്. “മുസ്ലീങ്ങൾ പുറം മുറ്റം ഒന്നുകിൽ കൈവശം വച്ചിരുന്നതിനോ അല്ലെങ്കിൽ ഉപയോഗിച്ചിരുന്നതിനെയോ സൂചിപ്പിക്കുന്ന ഒരു തെളിവുകളും (ഡോക്യുമെന്ററി മെറ്റീരിയൽ) ഇല്ല. ” എന്നുമാണ് വിധിയിൽ സുപ്രീം കോടതി പറഞ്ഞത്.

Read more

എന്നിരുന്നാലും, പതിറ്റാണ്ടുകളായി തർക്കത്തിലായിരുന്ന 1,500 ചതുരശ്ര യാർഡ് ഭൂമി രാം ലല്ലയ്ക്ക് വിധിയിൽ നൽകിയിട്ടില്ല. ഒരു ട്രസ്റ്റ് സ്ഥാപിക്കുന്നതിനുള്ള ഒരു പദ്ധതി സർക്കാർ കൊണ്ടുവന്ന് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഈ ഭൂമി കേന്ദ്രത്തിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി റിസീവറിൽ തുടരുമെന്ന് സുപ്രീം കോടതി വിധിച്ചു.